ലണ്ടന്‍: ബ്രെക്സിറ്റില്‍ തന്റെ നിലപാടില്‍ ഉറച്ച് തെരേസ മേ. കരാറിന് അനുകൂലമായി ജനുവരി 14ന് പാര്‍ലമെന്റ് അംഗങ്ങള്‍ വോട്ട് ചെയ്യുമെന്ന് മേ ആവര്‍ത്തിച്ച് വ്യക്തമാക്കി. ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന് അംഗത്വം സംബന്ധിച്ച് വീണ്ടും ഹിതപരിശോധന വേണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യത്തെയും മേ പാടെ തള്ളി. ഇക്കാര്യവും അവര്‍ പാര്‍ലമെന്റെിനെ അറിയിച്ചു. ഇനിയും അത്തരമൊരു നീക്കം നടന്നാല്‍ അത് ഭിന്നതകള്‍ക്ക് വഴിവയ്ക്കുമെന്നും ജനങ്ങളിലുള്ള വിശ്വാസത്തിന് കോട്ടം തട്ടുമെന്നും അവര്‍ വ്യക്തമാക്കി. മുന്‍ പ്രധാനമനത്രിമായ ടോണി ബ്ലെയറും, ജോണ്‍ മേജറും ഉള്‍പ്പെടെയുള്ളവരാണ് ഹിതപരിശോധന വീണ്ടും നടത്തണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. എന്നാല്‍ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയെ വിശ്വസിച്ച ആയിരക്കണക്കിന് ആളുകളെ വഞ്ചിക്കുന്നതിന് തുല്യമാകും അതെന്നു വ്യക്തമാക്കിയാണ് മേ അത്തരം ആവശ്യങ്ങളെ തള്ളിയത്.