റിയാദ്: സൗദി അറേബ്യയില്‍ തിങ്കളാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത. സൗദിയുടെ പല ഭാഗങ്ങളില്‍ വിവിധ തീവ്രതകളില്‍ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അടുത്ത ആഴ്ച പകുതി വരെ മഴ തുടരുമെന്നാണ് അറിയിപ്പ്. ജിസാന്‍, അസീര്‍, അല്‍ ബാഹ, മക്ക, തബൂക്ക്, മദീന എന്നിവിടങ്ങളില്‍ മഴ ലഭിക്കും.
റിയാദിന്റെ വിവിധ ഭാഗങ്ങളിലും മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. ജിസാന്‍, അസീര്‍, അല്‍ ബാഹ, മക്ക എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയുമുണ്ട്. കനത്ത മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങൾ, തടാകങ്ങൾ, വെള്ളക്കെട്ടു സാധ്യതാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അകന്നു നിൽക്കണമെന്നു സിവിൽ ഡിഫൻസ് മുന്നറിയിപ്പു നൽകി.
അതേസമയം ഒമാനിലും വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദോഫാർ, ശർഖിയ, അൽ വുസ്ത ഉൾപ്പെടെയുള്ള ഗവർണറേറ്റുകളിൽ ശക്തമായ മഴക്കും കാറ്റിനുമാണ് സാധ്യത. കടൽപ്രക്ഷുബ്ധമാകുന്നതിനും മിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് ജാഗ്രതാ നിർദ്ദേശമുണ്ട്. ഓഗസ്റ്റ് 21 വരെയാണ് മഴയ്ക്ക് സാധ്യത. അൽ വുസ്ത, ദോഫാർ, തെക്കൻ അൽ ശർഖിയ, വടക്കൻ അൽ ശർഖിയ, അൽ ദാഖിലിയയുടെ ചില ഭാഗങ്ങൾ എന്നിവയയാണ് സാരമായി ബാധിക്കുക. വ്യത്യസ്ത തീവ്രതയിലുള്ള ഒറ്റപ്പെട്ട മഴക്കും മിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ചില താഴ്വാരങ്ങളിൽ വെള്ളം കയറാൻ സാധ്യത. കാറ്റിനൊപ്പം അറബികടലിലും ഒമാൻ തീരങ്ങളിലും കടൽപ്രക്ഷുബ്ധമാകും.