ഗസ്സയ്ക്കായുള്ള ട്രംപിന്റെ സമാധാന പദ്ധതിയിലെ ഹമാസിന്റെ നിരായുധീകരണം എന്ന നിര്‍ദേശം അംഗീകരിക്കില്ലെന്ന് ഹമാസ്. ഘട്ടം ഘട്ടമായി മാത്രമേ ബന്ദികളെ മോചിപ്പിക്കുകയുള്ളുവെന്നും ഹമാസ് നിബന്ധന വച്ചു. അവസാനത്തെ ബന്ദിയുടെ മോചനവും ഇസ്രയേലിന്റെ ഗസയില്‍ നിന്നുള്ള പൂര്‍ണ പിന്മാറ്റവും ഒരുമിച്ചായിരിക്കണമെന്നും ഹമാസ് അറിയിച്ചു. ഈജിപ്തില്‍ നടക്കുന്ന ഇസ്രയേല്‍-ഹമാസ് സമാധാനപദ്ധതി ചര്‍ച്ചയിലാണ് ഹമാസ് ചില നിര്‍ണായക നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
ഗസ്സയില്‍ നിന്നും ഇസ്രയേല്‍ പൂര്‍ണമായും പിന്മാറുമെന്ന കാര്യത്തില്‍ ഉറപ്പുവേണമെന്നാണ് കരാര്‍ ഭാഗികമായി അംഗീകരിച്ച ശേഷം ഹമാസ് ആവശ്യപ്പെട്ടിരിക്കുന്നത്. പലസ്തീന്റെ സ്വയം നിര്‍ണയാവകാശവും യുദ്ധം അവസാനിപ്പിക്കലും ബന്ദികളുടെയും പലസ്തീന് തടവുകാരുടെയും കൈമാറ്റവും പ്രധാന ലക്ഷ്യങ്ങളെന്നും ഹമാസ് പ്രതിനിധികള്‍ അറിയിച്ചു. ഹമാസ് ചര്‍ച്ചാ സംഘത്തെ നയിക്കുന്ന ഖലീല്‍ അല്‍ ഹയ്യ ആണ് ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്.