കൊളംബോ: ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ 257 പേരുടെ മരണത്തിനിടയാക്കി 3 പള്ളികളിലും 3 വൻകിട ഹോട്ടലുകളിലും 8 സ്ഫോടനങ്ങൾ നടത്തിയ ചാവേറുകൾക്കു പരിശീലനം ലഭിച്ച രഹസ്യതാവളം കണ്ടെത്തി. ഭീകരാക്രമണം നടത്തിയെന്നു സംശയിക്കുന്ന നാഷനൽ തൗഹീദ് ജമഅത്ത് (എൻടിജെ) എന്ന സംഘടനയിലെ 38 പേർക്ക് ഇവിടെ പരിശീലനം ലഭിച്ചിരുന്നുവെന്നാണ് സൂചന.

നുവാര എലിയ പ്രദേശത്തെ ബ്ലാക്ക്പൂളിലാണ് ഭീകരരുടെ പരിശീലനകേന്ദ്രം പ്രവർത്തിച്ചിരുന്നത്. സംശയിച്ച് പിടികൂടിയ ചിലരെ ചോദ്യം ചെയ്തപ്പോഴാണ് വിവരം കിട്ടിയത്. ആക്രമണത്തിന് 4 ദിവസം മുൻപ് ഇവിടെ അവസാന പരിശീലനം നൽകിയിരുന്നു. സൂത്രധാരനായിരുന്ന എൻടിജെ മേധാവി സഹ്റാൻ ഹാഷിം ഇതിൽ പങ്കെടുത്തിരുന്നതായും വിവരമുണ്ട്. കെട്ടിടം വാടകയ്ക്കെടുത്താണ് പ്രവർത്തിച്ചിരുന്നത്. കെട്ടിടം ഉടമയെയും സൗകര്യങ്ങൾ ഒരുക്കിക്കൊടുത്ത 2 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കനത്ത സുരക്ഷയോടെ സർക്കാർ സ്കൂളുകൾ ഭാഗികമായി തുറന്നെങ്കിലും കുട്ടികളും അധ്യാപകരും തീർത്തും കുറവായിരുന്നു. സ്വകാര്യ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. ഇരുവിഭാഗം ജനങ്ങൾ ഏറ്റുമുട്ടിയ നെഗംബോയിൽ ഏർപ്പെടുത്തിയ നിശാനിയമം പിൻവലിച്ചു. 2 പേർ തമ്മിലുണ്ടായ തർക്കമാണ് ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായി മാറിയത്. 2 പേരെ അറസ്റ്റ് ചെയ്തു. ഏതാനും സ്ഥാപനങ്ങളും വാഹനങ്ങളും തകർത്തു. ആളുകളെ ശാന്തരാക്കാൻ കർദിനാൾ മാൽക്കം രഞ്ജിത്തും മുസ്ലിം മതനേതാക്കളും നേരിട്ടെത്തി. സമൂഹമാധ്യമങ്ങളുടെ വിലക്കും പിൻവലിച്ചു.
വലിയ ആക്രമണങ്ങൾ നടത്തിയിട്ടില്ലാത്ത എൻടിജെ കഴിഞ്ഞ വർഷം ബുദ്ധപ്രതിമകൾ തകർത്താണ് ആദ്യമായി ശ്രദ്ധയാകർഷിച്ചത്. ആക്രമണം നടത്തിയ 9 ചാവേറുകളും ലങ്ക സ്വദേശികളാണെന്നു കരുതുന്നു. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) 7 ചാവേറുകളുടെ പേര് പുറത്തുവിട്ടിരുന്നു. അബു ഉബയ്ദ, അബു അൽ മുഖ്താർ, അബു ഖലീൽ, അബു ഹംസ, അബു അൽ ബരാ, അബു മുഹമ്മദ്, അബു അബ്ദുല്ല എന്നിവരുടെ പേരുകളാണ് ഐഎസ് പുറത്തുവിട്ടത്.
സിറിയയിലെ തങ്ങളുടെ അവസാന താവളവും നഷ്ടപ്പെട്ടതിനു പ്രതികാരമായിട്ടാണ് ശ്രീലങ്കയിൽ ആക്രമണം നടത്തിയതെന്ന് ഐഎസ് തലവൻ അബുബക്കർ അൽ ബഗ്ദാദി അവകാശപ്പെട്ടിരുന്നു. എൻടിജെയുമായി ഐഎസ് 2017ൽ തന്നെ ബന്ധപ്പെട്ടിരുന്നതായും തുടർന്ന് സിറിയയിൽ പരിശീലനം നൽകുകയും ചെയ്തിരുന്നതായി റിപ്പോർട്ടുണ്ട്.


