ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ജയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിനെതിരായ തെളിവുകള്‍ ഇന്ത്യ ഐക്യരാഷ്ട്ര സഭാ രക്ഷാസമിതി അംഗ രാജ്യങ്ങള്‍ക്ക് കൈമാറി. മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ചൈനയുമായും രക്ഷാസമിതിയിലെ മറ്റ് 14 അംഗ രാജ്യങ്ങളുമായും ഇന്ത്യ ചര്‍ച്ച നടത്തിവരികയാണ്.

മാര്‍ച്ച് 13 വരെ ഇക്കാര്യത്തില്‍ അംഗരാജ്യങ്ങള്‍ക്ക് വ്യക്തത തേടാം. മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച അമേരിക്ക, ബ്രിട്ടണ്, ഫ്രാന്‍സ് എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാസമിതിയില്‍ പുതിയ പ്രമേയം കൊണ്ടുവന്നിരുന്നു.
ജമ്മുവിലെയും പാകിസ്ഥാനിലെയും ജയ്ഷെ ഭീകരര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷന്‍ നല്കിയ തെളിവുകളും ഉള്‍പ്പെടെയാണ് ഇന്ത്യ കൈമാറിയിരിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ സമിതി ഇന്ത്യയ്ക്ക് അനുകൂലമായ നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


