ലണ്ടൻ: വായ്പാ തട്ടിപ്പ് കേസിൽ ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്ക് മുങ്ങിയ ഇന്ത്യൻ വ്യവസായിയും പിടികിട്ടാപ്പുള്ളിയുമായ നീരവ് മോദിയുടെ വിചാരണ നീട്ടാനുള്ള അപേക്ഷ തള്ളി യുകെ കോടതി. മറ്റൊരു കേസിൽ വിചാരണ നീട്ടിവയ്ക്കണമെന്ന അപേക്ഷയാണ് കോടതി തള്ളിയത്. കാഴ്ചക്കുറവും വിഷാദവും ജയിലിലെ നിയന്ത്രണങ്ങളും മൂലം വിചാരണ വൈകിപ്പിക്കണമെന്ന ആവശ്യമാണ് ലണ്ടനിലെ ഹൈക്കോടതി വെള്ളിയാഴ്ച തള്ളിയത്. ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയിൽ നിന്ന് തിരിച്ചടി.
പഞ്ചാബ് നാഷണലിൽ ബാങ്കിലെ 12,000 കോടിയുടെ വായ്പാ തട്ടിപ്പ് കേസിൽ നീരവ് മോദിയെ ഇന്ത്യയിലേക്ക് നാടുകടത്തൽ നീക്കങ്ങൾ തുടരുന്നതിനിടെ, ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും എട്ട് മില്യൺ ഡോളറിന്റെ (72.5 കോടി രൂപ) വായ്പാ തട്ടിപ്പു കേസിലാണ് വടക്കൻ ലണ്ടനിലെ എച്ച്എംപി പെന്റൺവിൽ ജയിലിൽ നിന്ന് വീഡിയോ ലിങ്ക് വഴി നീരവ് മോദി കോടതിയിൽ ഹാജരായത്.


