ഡല്ലാസ്: അയല്‍ക്കാരനായ യുവാവിനെ അക്രമിയെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ച് വീഴ്ത്തിയ പോലീസുകാരിക്ക് മാപ്പു കൊടുത്തും അവരെ സ്നേഹാലിംഗനം ചെയ്തും സഹോദരന്റെ നന്മ മനസ്. കോടതിയില്‍ നിന്നുള്ള ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പടെ വൈറലാവുകയാണ്. അമേരിക്കയിലെ ഡല്ലാസിലാണ് സംഭവം.
യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ മുന്‍ ഡല്ലാസ് പോലീസ് ഉദ്യോഗസ്ഥ അംബര്‍ ഗേയ്ഗര്ക്ക് 10 വര്‍ഷം തടവാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കറുത്തവര്‍ഗ്ഗക്കാരനായ ബോദം ജീന്‍ എന്ന യുവാവിനെയാണ് അയാളുടെ അപ്പാര്‍ട്ട്മെന്റിനകത്ത് വെച്ച് അയല്‍ക്കാരിയായ പോലീസുദ്യോഗസ്ഥ വെടിവെച്ചിട്ടത്. വീടിനകത്ത് കടന്നുകയറിയ അക്രമിയെന്ന് തെറ്റിദ്ധരിച്ചായിരുന്നു പോലീസുകാരി വെടിവെച്ചത്. അംബര്‍ അവരുടെ തന്നെ അപ്പാര്‍ട്ട്മെന്റാണെന്ന് തെറ്റിദ്ധരിച്ച് ബോദം ജീനിന്റെ അപ്പാര്‍ട്ട്മെന്റിലേക്ക് കയറുകയായിരുന്നു. സോഫയിലിരിക്കുകയായിരുന്ന ബോദമിനെ വെടിവെച്ചിട്ട ശേഷമാണ് അംബര്ക്ക് അബദ്ധം മനസിലായതെന്നും അവര്‍ക്കായി ഹാജരായ അഭിഭാഷകന് കോടതിയില്‍ വാദിച്ചത്. വിചാരണയ്ക്കിടെ തനിക്ക് തെറ്റുപറ്റിയെന്നും നിരപരാധിയായ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയെന്നും അംബര്‍ കുറ്റസമ്മതം നടത്തിയിരുന്നു.
അതേസമയം, കറുത്തവര്‍ഗ്ഗക്കാരായ ആളുകള്‍ക്ക് നേരെ യുഎസ് പോലീസ് ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ് എന്ന് ആരോപിച്ച് വിചാരണ നടക്കുന്ന കോടതിക്ക് പുറത്ത് ആളുകള്‍ പ്രതിഷേധവുമായി കൂട്ടത്തോടെ എത്തിയിരുന്നു. എന്നാല്‍ പോലീസ് ക്രൂരതയ്ക്കെതിരെ പ്രതിഷേധക്കാര്‍ ഉച്ചസ്വരത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നപ്പോള്‍ കോടതിമുറിക്കുള്ളില്‍ വികാരനിര്‍ഭരമായ രംഗങ്ങളാണ് യഥാര്‍ത്ഥത്തില്‍ അരങ്ങേറിയത്.
കൊല്ലപ്പെട്ട ബോദം ജീനിന്റെ ജീനിന്റെ സഹോദരന് ബ്രാന്റ്റ്റ് ജീനും വിധി കേള്‍ക്കാന്‍ കോടതിമുറിക്കുള്ളില്‍ ഉണ്ടായിരുന്നു. ഏഴുദിവസത്തെ വിചാരണയ്ക്ക് ശേഷം ജഡ്ജി പ്രസ്താവിച്ച വിധി കേട്ട് ബ്രാന്റ്റ്റ് പറഞ്ഞതിങ്ങനെ: ‘നിങ്ങള്‍ ജയിലില്‍ പോകണമെന്ന് എനിക്ക് ആഗ്രഹമില്ല. ഒരു വ്യക്തിയെന്ന രീതിയില്‍ എനിക്ക് നിങ്ങളോട് സ്നേഹമാണ്. നിങ്ങള്‍ക്ക് ദോഷകരമാകുന്ന ഒന്നും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല, സാധിക്കുമോ എന്നറിയില്ല, എനിക്കവരെ ഒന്ന് ആലിംഗനം ചെയ്യാന്‍ പറ്റുമോ?’. ഈ വാക്കുകള്‍ക്ക് പിന്നാലെ ബ്രാന്റ്റ്റ് അംബറിനെ സ്നേഹത്തോടെ ആലിംഗനം ചെയ്തതോടെ കോടതി മുറിക്കുള്ളിലെ ഓരോരുത്തരുടേയും കണ്ണുനിറയുന്ന കാഴ്ചയാണ് കാണാനായത്. ഈ രംഗം കണ്ട് ജഡ്ജി പോലും കണ്ണീരടക്കാന്‍ പാടുപെട്ടു.


