ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് പാകിസ്താനിലെ യു എസ് കോൺസുലേറ്റിന് നേരെ പ്രതിഷേധക്കാരുടെ ആക്രമണം. കറാച്ചിയിലുള്ള അമേരിക്കയുടെ കോൺസുലേറ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. കോൺസുലേറ്റ് പ്രതിഷേധക്കാർ അടിച്ചുതകർത്തു. കോൺസുലേറ്റിലേക്ക് നിരവധി പേർ അതിക്രമിച്ചു കയറിയതിനെ തുടർന്ന് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 8 പേർ കൊല്ലപ്പെട്ടു. 20 ഓളം ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്.
കോൺസുലേറ്റിന് പുറത്തുള്ള തെരുവിൽ പ്രതിഷേധക്കാരുമായി പൊലീസ് ഏറ്റുമുട്ടുന്നത് ദൃശ്യങ്ങളിൽ കാണാം. പ്രതിഷേധക്കാർ കല്ലെറിഞ്ഞപ്പോൾ, അവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കോൺസുലേറ്റിന്റെ ഗേറ്റഡ് കോമ്പൗണ്ടിനുള്ളിൽ നിരവധി പേർ ജനാലകളുടെയും വാതിലുകളുടെയും ഗ്ലാസുകൾ തകർത്ത് പ്രധാന കെട്ടിടത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതായി മറ്റൊരു വീഡിയോയിൽ കാണാം. കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ പ്രതിഷേധക്കാർ കത്തിച്ചതായി പറയപ്പെടുന്നു.


