വടകര(കണ്ണൂര്‍) : ടി.പി വധക്കേസ് രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെയാണെന്ന അവകാശവാദവുമായി യുവാവ് രംഗത്ത്. ബഹ്റൈനില്‍ ജോലി ചെയ്യുന്ന വടകര സ്വദേശിയായ യുവാവ് ഇതുസംബന്ധിച്ച് വടകര ഡിവൈഎസ്പിക്ക് പരാതി നല്കി.
കഴിഞ്ഞദിവസമായിരുന്നു ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹിതനായത്. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹച്ചടങ്ങുകള്‍ പുതുച്ചേരി സിദ്ധാന്തന്‍ കോവിലില്‍ വെച്ചാണ് നടന്നത്. മാഹി പന്തക്കല്‍ സ്വദേശിയായ മനോജ് കുമാര്‍ എന്ന കിര്‍മാണി മനോജിന്റെയും വടകര സ്വദേശിനിയായ വധുവിന്റെയും വിവാഹം മതപരമായ ചടങ്ങുകളോടെയാണ് നടന്നത്.
മൂന്നു മാസം മുമ്പ് തന്റെ രണ്ടു മക്കളെയും കൂട്ടി വീടു വിട്ടിറങ്ങിയതാണ് ഭാര്യയെന്ന് യുവാവിന്റെ പരാതിയിലുണ്ട്. തങ്ങള്‍ നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും നിലവില്‍ തന്റെ ഭാര്യയാണ് യുവതിയെന്നും യുവാവിന്റെ പരാതിയിലുണ്ട്. മറ്റൊരാളുടെ കൂടെ പോയ ഭാര്യയില്‍ നിന്നും നിയമപരമായി വിടുതല്‍ വേണമെന്നും ഭാര്യയുടെ ഒപ്പമുള്ള അഞ്ചും എട്ടും വയസുള്ള തന്റെ കുട്ടികളെ വിട്ടുകിട്ടണമെന്നുമാണ് യുവാവിന്റെ ആവശ്യം. പരാതി വടകര സി.ഐയ്ക്ക് കൈമാറിയിട്ടുണ്ട്. ടി.പി.ചന്ദ്രശേഖരന്റെ നാട്ടുകാരി കൂടിയായ യുവതിയെയാണ് കിര്‍മാണി മനോജ് വിവാഹം കഴിച്ചത്. ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കിര്‍മാണി മനോജ് വിവാഹത്തിനായി 15 ദിവസത്തെ പരോളിലാണ്. ടിപി വധക്കേസിനു പുറമെ ആര്‍എസ്എസ് പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജകുറിപ്പിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് മനോജ്.


