ശരീരത്തിൽ നിറയെ മുറിവുകൾ ഉള്ള ഈ മനുഷ്യന്റെ പേര് അലക്സാണ്ടര്‍ എന്നാണ്. ഈ മനുഷ്യൻ ഇപ്പോൾ ആശുപത്രിയിലുണ്ട്. റഷ്യ യിലെ ടുവാ പ്രദേശത്ത് നിന്ന് ശരീരം മുഴുവൻ പരിക്കേറ്റ നിലയിലാണ് ഈ മനുഷ്യനെ കണ്ടെത്തുന്നത്.വേട്ടപ്പട്ടികളെ പിന്തുടര്ന്നെത്തിയ നായാട്ടുകാരാണ് ഇയാളെ കരടിയുടെ കൂട്ടില്‍ കണ്ടെത്തിയത്. ഭാവിയിലേക്കുള്ള ഭക്ഷണമായി ഇയാളെ കരടി കരുതി വച്ചിരുന്നതാണെന്നാണ് കരുതുന്നത്.സ്വന്തം മൂത്രം കുടിച്ചാണ് ജീവന് നിലനിര്‍ത്തിയതെന്ന് അലക്സാണ്ടര്‍ വിശദമാക്കിയതായി അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇയാളെ മമ്മിയാണെന്ന് കരുതിയാണ് വേട്ടക്കാര്‍ കരടിക്കൂട്ടില്‍ നിന്ന് പുറത്തെടുത്തത്. പുറത്തെത്തിയപ്പോഴാണ് ഇയാള്‍ക്ക് ജീവനുണ്ടെന്ന കാര്യം തിരിച്ചറിയുന്നത്. ഗുരുതര പരിക്കുകള്‍ക്ക് പുറകേ ശരീരം അഴുകുന്ന അവസ്ഥയിലാണ് അലക്സാണ്ടറുള്ളതെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
വാന്‍ മേഖലയില്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയിലാണ് ഇയാള്‍ സംസാരിക്കുന്നത്. കണ്ടാല്‍ ഭീതി തോന്നുന്ന എല്ലും തോലുമായ ശരീരത്തില്‍ നിറയെ മുറിവുകളുമായാണ് ഇയാളുടെ ചിത്രം പുറത്ത് വന്നത്. ഇയാളെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് പുറത്ത് വന്നത്. നട്ടെല്ലിന് പരിക്കും ശരീരം മുഴുവന്‍ കരടി മാന്തിപ്പൊളിച്ച നിലയിലുമാണ് ഇയാളെ കണ്ടെത്തിയത്.
ദിവസങ്ങളായുള്ള ചികിത്സയുടെ ഫലമായി അലക്സാണ്ടറിന് കണ്ണുകൾ പ്രയാസപ്പെട്ടു തുറക്കാനും സംസാരിക്കാനും കൈകൾ ചെറുതായി അനക്കാനും സാധിക്കുന്നുണ്ടെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അലക്സാണ്ടർ എങ്ങനെ കാട്ടിലെത്തിയെന്നും എത്രകാലമായി കരടിയുടെ കൂട്ടിലാണെന്നും എങ്ങനെ കരടിയുടെ കയ്യിലകപ്പെട്ടുവെന്നുമുള്ളതിന് കൃത്യമായ ഉത്തരം ലഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.



