പുതിയ ഡാന്‍സ് വീഡിയോയുമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നവീന്‍ റസാക്കും ജാനകി ഓംകുമാറും. ക്ലബ് എഫ്എം സെറ്റിലായിരുന്നു ഇരുവരും ഡാന്‍സ് ചെയ്തത്. ആറാം തമ്പുരാനിലെ പാടി തൊടിയിലേതോ… എന്ന പാട്ടിന്റെ റിമിക്സിനാണ് ഇരുവരും ചുവട് വെച്ചത്. സംഭവം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ‘ധൈര്യമായി മുന്നോട്ട് പോവുക’ എന്നാണ് പലരും വീഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്. ആദ്യം ചെയ്ത വീഡിയോയിക്ക് വന്‍ സ്വീകാര്യത ലഭിച്ചതിനു പിന്നാലെ ഇരുവരുടെയും പേരും മതവും ചൂണ്ടികാട്ടി ചിലര്‍ വിദ്വേഷ പ്രചരണം നടത്തിയിരുന്നു.
എന്നാല്‍ വിദ്വേഷ പ്രചരണം നടത്തിയവര്‍ക്കെതിരെ വീഡിയോ കണ്ട എല്ലാവരും പ്രതികരിക്കുകയും ജാനകിക്കും നവീനും പ്രോത്സാഹനം നല്‍കുകയും ചെയ്തിരുന്നു.
ഇരുവരും ആദ്യം ചെയ്ത മുപ്പത് സെക്കന്റ് വീഡിയോയ്ക്കെതിരെ സംഘപരിവാര്‍ ആക്രമണം നടന്നിരുന്നു. വിദ്വേഷ പ്രതികരണവുമായി അഭിഭാഷകന് കൃഷ്ണരാജായിരുന്നു രംഗത്തെത്തിയത്.
കൃഷ്ണ രാജിന്റെ ആദ്യ പരാമര്‍ശം : ”ജാനകിയും നവീനും. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളുടെ ഡാന്‍സ് വൈറല്‍ ആകുന്നു. ജാനകി എം ഓംകുമാറും നവീന്‍ കെ റസാക്കും ആണ് വിദ്യാര്‍ത്ഥികള്‍. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛന് ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.”
ആദ്യ പോസ്റ്റ് രൂക്ഷമായ വിമര്‍ശനങ്ങളേറ്റു വാങ്ങിയതോടെ വര്‍ഗീയത ആവര്‍ത്തിച്ച് ഇയാള്‍ രംഗത്തുവന്നു.
കൃഷ്ണരാജിന്റെ രണ്ടാമത്തെ പോസ്റ്റ്: ”ജിഹാദികളുടെ മണ്ടക്ക് തന്നെ കുറിക്ക് കൊണ്ടു. ജിഹാദികള്‍ക്കും ഡേ ടൈം സഖാക്കളായ നൈറ്റ് ടൈം ജിഹാദികള്‍ക്കും ഇന്നത്തെ ജാനകിയും റസാക്കും എന്ന പോസ്റ്റ് കൊള്ളേണ്ടിടത്തു കുറിക്കു തന്നെ കൊണ്ടു. എന്തൊരു വെറളിയും വെപ്രാളവും. ജിഹാദി മാധ്യമങ്ങള്‍ ഇളകിയാടി. ജിഹാദി മാധ്യമങ്ങളുടെ വക ജിഹാദികള്‍ക്ക് പൊങ്കാലക്കുള്ള ഒഫിഷ്യല്‍ ക്ഷണം. കമെന്റ് ബോക്സ് തുറന്ന് തന്നെ വെച്ചു. അറിയണമല്ലോ. ഒരു മതത്തിന്റെ കാര്യവും പരാമര്‍ശിക്കാത്ത പോസ്റ്റ് വളരെ പെട്ടെന്ന് ലൗ ജിഹാദിനെതിരെയുള്ള പോസ്റ്റ് ആയി മാറി. കമന്റുകള്‍ വായിക്കാറില്ലെങ്കിലും അതിന്റെ എണ്ണം കണ്ടപ്പോള്‍ കാര്യം പുടികിട്ടി. അത് കണ്ട് മനസ്സ് നിറഞ്ഞു. എന്തായാലും ആശയവും സന്ദേശവും എത്തേണ്ടിടത്തു എത്തി. കൊള്ളേണ്ടിടത്തു കൊണ്ടു. ഹിന്ദു ക്രിസ്ത്യന്‍ കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമായി. ജിഹാദികള്‍ മറ നീക്കി പുറത്ത് വന്നു. ഇത്രേ ഉണ്ടായിരുന്നുള്ളൂ എന്റെ ഉദ്ദേശ്യവും. ഞാന്‍ ചാരിതാര്‍ത്ഥ്യനായി.’
https://fb.watch/4LGvXkcSkY/