രാജസ്ഥാന്റെ ഉപ്പ് നഗരമായ ഫലോദിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് ഖീചന്‍. ദേശാടന പക്ഷികള്‍ ധാരാളമായി വന്നുചേരുന്ന ഇവിടം പക്ഷി നിരീക്ഷണത്തിനു പേരുകേട്ട ഇടമാണ്. ദേശാടന പക്ഷികളായി എത്തുന്ന കന്യക കൊക്കുകളാണ് ഇവിടുത്തെ ആകര്‍ഷണം. പക്ഷി നിരീക്ഷകര്ക്കിടയില് ഏറെ അറിയപ്പെട്ടിരുന്ന ഈ ഗ്രാമം ‘ബേഡിംഗ് വേള്‍ഡ് ‘ മാസികയില്‍ ‘ഖീചന്‍ കന്യകക്കൊക്കിന്റെ ഗ്രാമം ‘ എന്ന ലേഖനത്തില്‍ കൂടി അവതരിപ്പിക്കപ്പെട്ടപ്പോഴാണ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
പത്തുപതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഖീചനിലെ പക്ഷികളുടെ കഥ തുടങ്ങുന്നത്. ദേശാടന പക്ഷികളായി എത്തുന്ന കന്യക കൊക്കുകള്‍ പ്രത്യേക കാലയളവില്‍ ഇവിടെ എത്തിച്ചേരുക പതിവായിരുന്നു. അങ്ങനെയിരിക്കേ ഒരിക്കല്‍ ഇവിടുത്തെ ഒരു ഗ്രാമവാസി ഈ കൊക്കുകള്‍ക്ക് തീറ്റ കൊടുക്കുവാന്‍ ആരംഭിച്ചു. ഇത് ശീലമാക്കിയ കൊക്കുകള്‍ കൂടുതലായി ഇവിടെ എത്തുവാന്‍ തുടങ്ങി. പിന്നീട് ഈ നാട് ഈ ആചാരം ഏറ്റെടുത്തു. ഇപ്പോള്‍ ഏകദേശം അയ്യായിരത്തോളം കിലോ പക്ഷി ധാന്യമാണ് ഓരോ ദിവസവും ഇവിടെ ഈ പക്ഷികള്‍ക്കു കൊടുക്കുന്നത്. ഇവിടെ എത്തിയാല്‍ പല ഇത്തില്‍പ്പെട്ട അനേകം പക്ഷികളെ കാണാന്‍ സാധിക്കും.


