ഏറെക്കാലത്തിനു ശേഷം വിന്‍ഡോസിന്റെ ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. വിന്‍ഡോസ് 10ല്‍ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് വിന്‍ഡോസ് 11 അവതരിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ വിന്‍ഡോസ് 11 ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിച്ചു തുടങ്ങും. വിന്‍ഡോസിന്റെ അടുത്ത തലമുറ എന്നാണ് പുതിയ അപ്ഡേറ്റിനുള്ള വിശേഷണം.
ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ വിന്‍ഡോസില്‍ ഉപയോഗിക്കാനാവും എന്നതാണ് വിന്‍ഡോസ് 11ന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. അഡോബി ക്രിയേറ്റിവ് ക്ലൗഡ്, ഡിസ്നി പ്ലസ്, ടിക്ക്ടോക്ക്, സൂം തുടങ്ങിയ ആപ്പുകളൊക്കെ മൈക്രോസോഫ്റ്റ് സ്റ്റോറില്‍ ലഭിക്കും.
യൂസര്‍ ഇന്റര്‍ഫേസിലും വലിയ വ്യത്യാസങ്ങളുണ്ട്. സ്റ്റാര്‍ട്ട് മെനു ഐക്കണ്‍ സ്ക്രീനിന്റെ മധ്യഭാഗത്തായിരിക്കും. 1996നു ശേഷം ഇത് ആദ്യമായാണ് സ്റ്റാര്‍ട്ട് മെനു ഐക്കണ്‍ ഇടതു ഭാഗത്തല്ലാതെ ഒരു വിന്‍ഡോസ് പതിപ്പ് എത്തുന്നത്. ഡിഫോള്‍ട്ട് സെറ്റിങ് ഇങ്ങനെയാണെങ്കിലും സ്റ്റാര്‍ട്ട് മെനു ഐക്കണിന്റെ സ്ഥാനം മാറ്റാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും. വിന്‍ഡോസ് 10ലുണ്ടായിരുന്ന ലൈവ് ടൈലുകള്‍ 11ല്‍ കാണില്ല. പകരം റെക്കമെന്‍ഡഡ് ആപ്പുകളാവും ഉണ്ടാവുക.
നോട്ടിഫിക്കേഷന്‍ സൗണ്ടുകളിലും ചില വ്യത്യാസങ്ങള്‍ ഉണ്ട്. പുതിയ സ്റ്റാര്‍ട്ടപ്പ് ട്യൂണ്‍ ആണ് ഉള്ളത്. പുതിയ തീമുകളും മെച്ചപ്പെട്ട വിഡ്ജറ്റുകളും മള്‍ട്ടി ടാസ്കിംഗ് സംവിധാനവുമൊക്കെ പുതിയ അപ്ഡേറ്റിലുണ്ട്.
അതേസമയം, രണ്ടോ അതിലധികമോ കോറുകള്‍ ഉള്ളതും 1 ജിഗാഹെട്സോ അതിനു മുകളിലോ വേഗതയുള്ളതുമായ പ്രൊസസറില്‍ മാത്രമേ വിന്‍ഡോസ് ഇലവന് ഉപയോഗിക്കാനാവൂ. ഒപ്പം 4 ജിബിയോ അതിലധികമോ റാമും കുറഞ്ഞത് 64 ജിബി സ്റ്റോറേജും ആവശ്യമുണ്ട്.


