സന്ദേശം ഒറ്റ മെസ്സേജ് കൊണ്ട് എല്ലാവരെയും അറിയിക്കുന്ന പുത്തൻ ഫീച്ചറുമായി വാട്ട്സാപ്പ്. ഫേസ്ബുക്കിന് സമാനമായ ഫീച്ചറാണ് മെറ്റ വാട്ട്സാപ്പിലും കൊണ്ട് വന്നത്. മുൻപ് ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ട ശേഷം അത് ബാക്കിയുള്ളവരെ ടാഗ് ചെയ്താലേ അവർക്ക് അറിയാൻ സാധിക്കുമായിരുന്നുള്ളൂ.ആശയവിനിമയം ഗ്രൂപ്പുകളിൽ കൂടുതൽ സുഗമമാക്കുന്നതിനും പ്രധാന അപ്ഡേറ്റുകൾ എല്ലാവരും അറിയുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഇത് ഏറെ സഹായകരമാകുമെന്നാണ് കമ്പനിയുടെ വാദം. നോട്ടിഫിക്കേഷൻ മ്യുട്ട് ചെയ്താലും ഗ്രൂപ്പിലെ വ്യക്തികൾക്ക് വിവരങ്ങൾ അറിയാൻ സാധിക്കും.
@all എന്ന ഒരു മെസ്സേജ് അയച്ചാൽ എല്ലാവരെയും വാട്ട്സാപ്പ് തന്നെ മെൻഷൻ ചെയ്ത് അറിയിച്ചോളും. ഗൂഗിൾ പ്ലേ ബീറ്റാ പ്രോഗാമിന്റെ ഭാഗമായി പുതിയ ആൻഡ്രോയിഡ് അപ്പ്ഡേറ്റിൽ ചില ബീറ്റാ ടെസ്റ്റേഴ്സിന് മാത്രമാണ് നിലവിൽ ഈ ഓപ്ഷൻ ലഭ്യമായിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ ഉപയോക്താക്കളിലേക്ക് ഈ ഫീച്ചറെത്തുമെന്നാണ് കമ്പനി പറയുന്നത്.
ഈ ഫീച്ചറിന് ചില മാനദണ്ഡങ്ങളുമുണ്ട്. 32 അംഗങ്ങൾ വരെയുള്ള ഗ്രൂപ്പിൽ മാത്രമേ എല്ലാ അംഗങ്ങൾക്കും ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. 32 ൽ അധികം അംഗങ്ങൾ ഉള്ള ഗ്രൂപ്പ് ആണെങ്കിൽ അഡ്മിന് മാത്രമേ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളെയും മെൻഷൻ ചെയ്യാനുള്ള ഈ ഫീച്ചർ ഉപയോഗിക്കാനാകൂ.


