ആമസോണിന്റെ ക്ലൗഡ് സർവീസ് യൂണിറ്റായ ആമസൺ വെബ് സർവീസ് പണി മുടക്കിയതോടെ വിവിധ ഓൺലൈൻ സൈറ്റുകൾ പ്രവർത്തന രഹിതമായി. പുതിയ എഐ തരംഗമായ പെര്‍പ്ലക്സിറ്റി മുതല്‍ സ്നാപ്ചാറ്റ്, പ്രമുഖ ഇമേജ് എഡിറ്റിങ് ടൂളായ കാന്‍വ, ഓപൺ എഐവരെ ‘പണിമുടക്കിയ’വരിൽ ഉൾപ്പെടും. ആമസോണിന്റെ ക്ലൗഡ് സേവനമായ ആമസോണ്‍ വെബ് സര്‍വീസ് അഥവാ എഡബ്ല്യുഎസ്സിലെ(AWS) തകരാറാണ് ആഗോളതലത്തിലെ ‘കൂട്ടപ്പണിമുടക്കി’ന് കാരണമെന്നാണ് വിലയിരുത്തല്‍.
പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പെർപ്ലെക്സിറ്റി സിഇഒ അരവിന്ദ് ശ്രീനിവാസ് എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ച മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയത്.കമ്പനികൾക്കും സർക്കാരുകൾക്കും വ്യക്തികൾക്കും ആവശ്യാനുസരണം കമ്പ്യൂട്ടിംഗ് പവർ, ഡാറ്റ സംഭരണം, മറ്റ് ഡിജിറ്റൽ സേവനങ്ങൾ എന്നിവ AWS നൽകുന്നു. അതിന്റെ സെർവറുകളിലെ തടസ്സങ്ങൾ അതിന്റെ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിനെ ആശ്രയിക്കുന്ന വെബ്സൈറ്റുകളിലും പ്ലാറ്റ്ഫോമുകളിലും തടസ്സങ്ങൾക്ക് കാരണമാകും.ലോകത്തിലെ ഇന്റർനെറ്റിന്റെ വിതരണശൃംഖലക്ക് നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്ന ഒരു സാങ്കേതിക ഭീമനാണ് എഡബ്ല്യുഎസ്. വലുതും ചെറുതുമായ നിരവധി വെബ്സൈറ്റുകളും സേവനങ്ങളും ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കുന്ന വെർച്വൽ സെർവറുകൾ മുതൽ ഇമേജുകൾ, വീഡിയോകൾ, ബാക്കപ്പുകൾ പോലുള്ള വെബ്സൈറ്റുകളുടെ ഉള്ളടക്കം സംഭരിക്കുന്നത് വരെയുള്ളതിന് AWS സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇവിടെ വരുന്ന ഏതൊരു പ്രശ്നവും ഇവരെ ആശ്രയിക്കുന്നവരെ സ്വാഭാവികമായും ബാധിക്കും.


