തൊഴിലാളികൾക്കായി ഇന്ത്യയിൽ എഡ്യുക്കേഷൻ ഹബ് ആരംഭിച്ച് ആപ്പിൾ. കമ്പനിയുടെ വിതരണ ശൃംഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ കഴിവുകൾ വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള പരിശീലന പരിപാടികളുടെ ഭാഗമായാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ സ്ഥിതി ചെയ്യുന്ന എജ്യുക്കേഷൻ ഹബ് മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷനുമായി (MAHE) സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.
ആപ്പിളിന്റെ ആഗോള വിതരണത്തിൽ വലിയൊരു പങ്കും ഇന്ത്യയിലാണ് പ്രവർത്തിക്കുന്നത്. ഇതിനാലാണ് സംരംഭത്തിന്റെ പ്രധാന കേന്ദ്രമായി ഇന്ത്യയെ തിരഞ്ഞെടുത്തിരിക്കുന്നത്. ഫാക്ടറിയിലെ പ്രവർത്തനങ്ങൾക്കപ്പുറം സാങ്കേതികമായ കഴിവുകൾ നേടാനും,കരിയർ വളർച്ചയ്ക്കും സഹായം നൽകുന്ന തരത്തിലാണ് ഹബ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ആധുനിക സാങ്കേതികവിദ്യകൾ പഠിക്കാനും, ഡിജിറ്റൽ സാക്ഷരത മെച്ചപ്പെടുത്താനും, ഉൽപാദനത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ തൊഴിലാളികൾക്ക് വേഗത്തിൽ മനസിലാക്കാനും ഈ സംരംഭം കൂടുതൽ സഹായകരമാകുമെന്ന് ആപ്പിൾ പറയുന്നു.ഇന്ത്യയിലെ വിതരണക്കാരെ ശക്തിപ്പെടുത്തുന്നതിനൊപ്പം വൈദഗ്ധ്യമുള്ള തൊഴിൽ മെച്ചപ്പെടുത്തുക എന്നത് കൂടിയാണ് ആപ്പിൾ ഇതിലൂടെ ലക്ഷ്യമിടുന്നത്.


