മൂവാറ്റുപുഴ: ബംഗാള്‍ പവര്‍ കോര്പ്പറേഷന് വീണ്ടും ദേശീയ അംഗീകീരം. രാജ്യത്തെ മുഴുവന്‍ തെര്‍മല്‍ പവര്‍ പ്ലാന്റ്കളിലും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സെന്‍ട്രല്‍ ഇലക്ട്രിക് അതോറിറ്റി നടത്തിയ പെര്‍ഫോമന്‍സ് ബേസ്ഡ് റാങ്കിംഗിലാണ് പശ്ചിമബംഗാള്‍ പവര്‍ കോര്പ്പറേഷന് ഒന്നാമതെത്തിയത്.
മികച്ച നേട്ടത്തിന് ചുക്കാന്‍പിടിച്ച മലയാളി ഐ.എ.എസ്. ഉദ്യോഗസ്ഥന് മൂവാറ്റുപുഴ പെഴക്കാപ്പിള്ളി പുളളിചാലില് പി.ബി. സലിമിനെ അഭിനന്ദിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സമൂഹ മാധ്യമങ്ങളില്‍ കുറിപ്പിട്ടു. 2019 പി.ബി. സലിം കോര്പ്പറേഷന് സി.എം.ഡി. ആയി ചുമതലയേല്‍ക്കുമ്പോള്‍ സ്ഥാപനം നഷ്ടത്തിലായിരുന്നു. ഒറ്റ വര്‍ഷം കൊണ്ട് 102 കോടി രൂപയുടെ ലാഭം ഉണ്ടാക്കി മലയാളി ഉദ്യോഗസ്ഥന് തന്റെ മികവ് തെളിയിച്ചു. പിന്നീടുള്ള ജൈത്ര യാത്രയ്ക്ക് ഒടുവിലാണ് രാജ്യത്ത് തന്നെ മികച്ച സ്ഥാപനങ്ങളുടെ പട്ടികയില്‍ ഒന്നാമത് എത്തിച്ചത്.
ഇന്ത്യയില്‍ ആകെ 201 തെര്‍മല്‍ പവര്‍ പ്ലാന്റുകളെയാണ് റാങ്കിങ്ങില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള എന്‍.റ്റി.പി.സി., ഡി.വി.സി., സംസ്ഥാന തെര്‍മല്‍ പവര്‍ കമ്പനികള്‍, സ്വകാര്യ മേഖലയില്‍ റിലയന്‍സ്, അദാനി പവര്‍, ടാറ്റാ പവര്‍ ഇവയെല്ലാം ഇതില്‍ ഉള്‍പെടും. ഓരോ പ്ലാന്റും കമ്പനിയും എത്ര കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഓള് ഇന്ത്യ റാങ്കിങ്. ഈ വര്‍ഷം പശ്ചിമബംഗാള്‍ പവര്‍ കോര്‍പറേഷന്റെ കീഴിയിലുള്ള സന്താള്ധിഗി പവാര്‍ പ്ലാന്റ് ഒന്നാം റാങ്ക് നേടി. അതോടൊപ്പം കമ്പനി എന്ന നിലക്ക് പശ്ചിമ ബംഗാള്‍ പവര്‍ ഡെവലപ്മന്റ് കോര്പറേഷന് എല്ലാ ഭീമന്മാരെ പിന്നിലാക്കി ഒന്നാമത് എത്തി.
കമ്പനിയിലെ മുപ്പതിനായിരം വരുന്ന എല്ലാ വിഭാഗം ഉദ്യോഗസ്ഥരെയും ജീവനക്കാരെയും വിശ്വാസത്തിലെടുത്ത് അവരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനായി ഭാവന പൂര്‍ണമായ പദ്ധതികള്‍ നടപ്പിലാക്കിയാണ് നേട്ടം കൈവരിക്കാനായതെന്ന് പി.ബി. സലിം പറഞ്ഞു. അതോടൊപ്പം ഓപ്പറേഷന് മൈന്റൈനെന്‍സ്, എഫിഷന്‍സി, കോള്‍ മൈനിങ്, ജസ്ററ് ഇന്‍ ടൈം റിപ്പയര്‍ മൈന്റൈനെന്‍സ് തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന പത്ത് പോയിന്റ് സ്ട്രാറ്റജി എല്ലാ നിലയിലും നടപ്പില്‍ ആക്കിയതും വലിയ നേട്ടം കൈവരിക്കാന്‍ സഹായിച്ചതായി സലിം കൂട്ടിചേര്‍ത്തു. കഴിഞ്ഞ വര്‍ഷം 800 കോടിയിലധികം രൂപ ലാഭമുണ്ടാക്കി. ഈ വര്‍ഷം കമ്പനി ലക്ഷ്യമിടുന്നത് ആയിരം കോടിക്ക് മുകളിലാണ്.