വോള്‍ഗോഗ്രാഡ്: ഭാഗ്യം മഞ്ഞ കാര്‍ഡിന്റെ രൂപത്തിലും വരുമോയെന്ന് ചോദിച്ചാല്‍ ജപ്പാന്‍കാര്‍ അതെയെന്നായിരിക്കും മറുപടി പറയുക. കാരണം, ലോകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം ഫെയര്‍ പ്ലേയുടെ അടിസ്ഥാനത്തില്‍ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കുന്നത്. ഇതോടെ, റഷ്യന്‍ ലോകകപ്പിലെ നോക്കൗട്ട് റൗണ്ടില്‍ ഏഷ്യയുടെ പ്രതിനിധി യാവാനും ജപ്പാന് സാധിച്ചു. സമനില നേടിയാലും അടുത്ത റൗണ്ടിലേക്ക് കടക്കാനാകുമായിരുന്ന മത്സരത്തില്‍ ജപ്പാന് ഏകപക്ഷീയമായ ഒരു ഗോളിനു പോളണ്ടിനോട് പരാജയപ്പെടുകയായിരുന്നു.
ഇതോടെ ഗ്രൂപ്പ്എച്ചിലെ രണ്ടാം സ്ഥാനക്കാരെ നിശ്ചയിക്കാന്‍ പ്രാഥമിക മത്സരങ്ങളിലെ പോയിന്റും ഗോള്‍ വ്യത്യാസവും അടിച്ച ഗോളും വഴങ്ങിയ ഗോളും എല്ലാം നോക്കിയെങ്കിലും സെനഗലും ജപ്പാനും തുല്യത പാലിക്കുകയായിരുന്നു. തുടര്‍ന്നാണ് നോക്കൗട്ട് റൗണ്ട് യോഗ്യതയ്ക്കായി ഫെയര്‍ പ്ലേ അടിസ്ഥാനമാക്കിയത്. ഗ്രൂപ്പ് മത്സരങ്ങള്‍ക്കിടെ സെനഗല്‍ താരങ്ങള്‍ ആറ് മഞ്ഞ കാര്‍ഡ് ഫൗളിനു ശിക്ഷയായി വാങ്ങിയപ്പോള്‍, ജപ്പാന് അത്രയും മത്സരങ്ങളില്‍ നിന്നും നാല് മഞ്ഞ കാര്‍ഡ് മാത്രമെ ലഭിച്ചിരുന്നുള്ളൂ. ഇതാണ് ജപ്പാനെ പോളണ്ടിനെതിരായ മത്സരത്തില്‍ തോറ്റിട്ടും പ്രീക്വാര്‍ട്ടര്‍ റൗണ്ടിലേക്കുള്ള വാതില്‍ തുറന്നു കൊടുത്തത്.
നേരത്തെ, ജപ്പാന്റെ പ്രീക്വാര്‍ട്ടര്‍ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് നിര്‍ണായക മത്സരത്തില്‍ പോളണ്ട് മുന്നിലെത്തി. മത്സരത്തിന്റെ 59ാം മിനിറ്റില്‍ യാന്‍ ബെഡ്നാര്‍ക്ക് ആണ് പോളണ്ടിന് ലീഡ് സമ്മാനിച്ചത്. ഫ്രീകിക്കില്‍ നിന്നും ലഭിച്ച അവസരമാണ് പോളണ്ട് ഗോളാക്കി മാറ്റുകയായിരുന്നു. കുര്‍സാവ എടുത്ത കിക്ക് ബെഡ്നാര്‍ക്ക് ബുള്ളറ്റ് ഹെഡറിലൂടെ ജപ്പാന്റെ വല കുലുക്കുകയായിരുന്നു.ജപ്പാന്പോളണ്ട് മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ജയമോ സമനിലയോ അനിവാര്യമായ ജപ്പാന് ആദ്യ പകുതിയില്‍ ഒന്നിലേറെ ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല