മോസ്കോ: സ്പെയിന് പുറത്തേക്ക് വഴിതുറക്കുക എന്ന ഒറ്റ ലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇറാന് തോല്‍വിയുടെ കയ്പ്. എതിരില്ലാത്ത ഒരു ഗോളിന് സ്പെയിന് ഇറാനെ തോല്പിച്ചു. തുടക്കം മുതല്‍ പ്രതിരോധത്തിലൂന്നിക്കളിച്ച ഇറാന് സ്പെയിന് മുന്നേറാനുള്ള ഒരു പഴുതു പോലും നല്‍കിയില്ല. സ്പെയിന് താരങ്ങള്‍ പന്തുമായി മുന്നേറ്റത്തിനൊരുങ്ങുമ്പോള്‍ തന്നെ ഇറാന്റെ പ്രതിരോധനിര കോട്ടതീര്‍ക്കുന്ന കാഴ്ചയായിരുന്നു ഒന്നാം പകുതിയിലേറെയും. അതിന്റെ ഫലമോ ഇനിയസ്റ്റയും, കോസ്റ്റയും, ഇസ്കോയും, സില്വയുമൊക്കെയടങ്ങിയ സ്പെയിന് മുന്നേറ്റ നിരയ്ക്ക് ആദ്യ 37 മിനിറ്റില്‍ ഗോളെന്നുറപ്പിച്ച ഒരൊറ്റ ഷോട്ട് മാത്രമാണ് ഉതിര്‍ക്കാനായത്.
ആദ്യ പകുതിയില്‍ ഇറാന് പ്രതിരോധത്തിനു മാത്രമാണ് പ്രാധാന്യം നല്‍കിയത് എന്നത് മനസിലാകണമെങ്കില്‍ അവരുടെ പാസിംഗ് മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും. 49 പാസുകള്‍ മാത്രമാണ് ആദ്യ പകുതിയില്‍ ഇറാന് ടീമംഗങ്ങള്‍ക്കിടയില്‍ ഉണ്ടായത്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ആദ്യ പകുതിയിലെ പാസുകളുടെ കണക്കില്‍ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ പാസെണ്ണമാണിത്. ആദ്യ പകുതിയിലെ ഏറ്റവും കുറഞ്ഞ പാസുകളുടെ കണക്കും ഇറാന്റെ പേരില്‍ തന്നെയാണ്. 1966ല്‍ അര്‍ജന്റീനയ്ക്കെതിരായ ഒരു മത്സരത്തില്‍ 46 പാസുകള്‍ മാത്രം കൈമാറിയതാണ് ഏറ്റവും കുറവ്. രണ്ടാം പകുതിയുടെ തുടക്കത്തിലും ഇറാന് പ്രതിരോധം ശക്തമായിരുന്നു. സ്പെയിന് ആക്രമണം ശക്തമാക്കിയിട്ടും രക്ഷയുണ്ടായില്ല. എന്നാല്‍ സ്പാനിഷ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് 54ാം മിനിറ്റില്‍ ആദ്യ ഗോള്‍ പിറന്നു. ഇറാന് താരങ്ങളൊന്നടങ്കം നിരന്നു നിന്ന ഗോള്‍മുഖത്ത് ഇനിയസ്റ്റ നല്കിയ പാസില്‍ നിന്ന് കോസ്റ്റ ഉതിര്‍ത്ത ഷോട്ട് ഗോളിയെ കാഴ്ചക്കാരനാക്കി ഗോള്‍വര കടന്നു.
സ്പാനിഷ് താരത്തിന്റെ ഈ ലോകകപ്പിലെ മൂന്നാം ഗോളായിരുന്നു ഇത്. ആദ്യമത്സരത്തില്‍ പോര്‍ച്ചുഗലിനെതിരെ കോസ്റ്റ രണ്ടു ഗോളുകള്‍ നേടിയിരുന്നു. ഇതോടെ ഈ ലോകകപ്പിലെ ഗോള്‍നേട്ടക്കാരുടെ പട്ടികയില്‍ റഷ്യയുടെ ഡെനിസ് ചെറിഷേവിനൊപ്പം രണ്ടാം സ്ഥാനത്തെത്തി കോസ്റ്റ. നാലു ഗോളുകള്‍ നേടിയ പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്നില്‍. ആദ്യ ഗോള്‍ വീണതിനു ശേഷം ഇറാന്റെ കളിരീതിയില്‍ ചെറിയ മാറ്റങ്ങള്‍ വന്നു. പ്രതിരോധത്തിനൊപ്പം തന്നെ അവര്‍ ആക്രമണത്തിന്റെ മൂര്‍ച്ചയും കൂട്ടി. സ്പെയിന്റെ ഗോള്‍ മുഖത്തേക്ക് പലവട്ടം ഇരച്ചെത്തിയ ഇറാന് താരങ്ങള്‍ക്ക് ഗോളിനുള്ള അവസരങ്ങള്‍ തുറന്ന് കിട്ടുകയും ചെയ്തു. ശക്തമായ ആക്രമണത്തിനൊടുവില്‍ ആരാധകരെ ആനന്ദത്തിലാഴ്ത്തി ഫ്രീകിക്കില്‍ നിന്നുള്ള ഇറാന്റെ ഷോട്ട് സ്പാനിഷ് പോസ്റ്റിലേക്ക് പറന്നിറങ്ങിയെങ്കിലും കണ്ണടച്ചു തുറക്കും മുന്‍പ് ആ സ്വപ്നനിമിഷം ഇറാന് നഷ്ടമായി. വിഎആര്‍ സംവിധാനത്തില്‍ അത് ഓഫ്സൈഡ് ആണെന്നു വിധിക്കുകയായിരുന്നു.