ഏഷ്യൻ കപ്പ് ഫുട്ബോളില്‍ ബഹ്റെെനെതിരായ നിർണ്ണായക മത്സരത്തില്‍ ഇന്ത്യക്ക് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവി. രണ്ട് പകുതികളിലുമായി ഇരു ടീമുകളും ഗോളടിക്കാൻ മറന്ന മത്സരത്തിൽ, ഇഞ്ചുറി ടെെമില്‍ അനാവശ്യമായി വഴങ്ങിയ പെനാൽട്ടിയാണ് ഇന്ത്യൻ വല കുലുക്കിയത്. ജമാൽ റഷീദ് ആണ് ബഹ്റെെനായി സ്കോർ ചെയ്തത്. ഇതോടെ മൂന്ന് കളികളിൽ നിന്നും ഒരു വിജയവും രണ്ട് പരാജയവും ഏറ്റുവാങ്ങി ഗ്രൂപ്പിൽ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇന്ത്യ ഏഷ്യന്‍ കപ്പിൽ നിന്നും പ്രീക്വോര്‍ട്ടര്‍ കാണാതെ പുറത്തായി. ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ ഉണ്ടായെങ്കലും കളിയുടെ 90 മിനിട്ടിലും മത്സരം ഗോൾ രഹിതമായി തന്നെ തുടർന്നു. തുടരെയുള്ള ബഹ്റെെന്‍ അക്രമണത്തെ പിടിച്ചു നിർത്തുന്നതിൽ ജിങ്കാന്റെ നേതൃത്വത്തിലുള്ള പ്രതിരോധ നിരയും ഗോൾ കീപ്പർ ഗുർപ്രീത് സിംഗും ഒരു പരിധി വരെ വിജയിച്ചെങ്കിലും, അവസാന നിമിഷത്തെ പാളിച്ച പെനാൽറ്റിക്ക് വഴി മാറുകയായിരുന്നു. ബോക്സിനകത്ത് വച്ചുണ്ടായ കൂട്ടപൊരിച്ചിലിനിടെയിൽ ബഹ്റെെൻ താരത്തെ ഇന്ത്യൻ നായകൻ പ്രണോയ് ഹാൽഡർ ഫൗൾ ചെയ്ത് വീഴ്ത്തുകയായിരുന്നു.
ആദ്യ മത്സരത്തിൽ തായ്ലന്റിനെ നാലു ഗോളുകൾക്ക് കീഴടക്കി തുടക്കം ഗംഭീരമാക്കിയ ഇന്ത്യ, ആഥിതേയരായ യു.എ.ഇയോട് പരാജയപ്പെട്ടിരുന്നു. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ യു.എ.ഇയെ സമനിലയിൽ തളച്ച തായ്ലന്റ്, ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.