ദക്ഷിണാഫ്രിക്കക്കെതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് ഇരട്ട സെഞ്ചുറി. കരിയറിലെ നൂറാം ടെസ്റ്റിലാണ് വാര്‍ണറുടെ തകര്‍പ്പന്‍ പ്രകടനം. നൂറാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്ററാണ് വാര്‍ണര്‍. രണ്ടാമത്തെ ഓസ്ട്രേലിയന്‍ താരവും. മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങും ഇംഗ്ലണ്ടിന്റെ ജോ റൂട്ടും മാത്രമാണ് ടെസ്റ്റ് ചരിത്രത്തില്‍ ഇതുവരെ നൂറാം മല്‍സരത്തില്‍ ഇരട്ട സെഞ്ചുറി കുറിച്ചിട്ടുള്ളത്.
കരിയറിലെ ഇരുപത്തഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണ് ഡേവിഡ് വാര്‍ണര്‍ എംസിജിയില്‍ കുറിച്ചത്. 200 റണ്‍സെടുത്തുനില്‍ക്കേ പരുക്കേറ്റ് പിന്മാറിയ വാര്‍ണര്‍ കരിയറില്‍ ആകെ 8122 റണ്‍സ് നേടിയിട്ടുണ്ട്. 2019ല്‍ പാക്കിസ്ഥാനെതിരെ അഡ്ലെയ്ഡില് പുറത്താകാതെ നേടിയ 335 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. മൂന്ന് ഇരട്ടസെഞ്ചുറികളും 25 സെഞ്ചുറികളും 34 അര്‍ധശതകങ്ങളും വാര്‍ണറുടെ പേരിലുണ്ട്.
ഏകദിനത്തിലും ടെസ്റ്റിലും നൂറാം മത്സരത്തില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരവുമാണ് വാര്‍ണര്‍. മുന്‍ വെസ്റ്റിന്‍ഡീസ് താരം ഗോര്‍ഡന്‍ ഗ്രീനിഡ്ജ് ആണ് ഇത്തരമൊരു നേട്ടം സ്വന്തമാക്കിയ ആദ്യത്തെ താരം.
മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് വാര്‍ണര്‍ ടെസ്റ്റില്‍ സെഞ്ചുറി നേടുന്നത്. ഇതിന്റെ ബലത്തില്‍ മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്ട്രേലിയ കൂറ്റന്‍ ഒന്നാമിന്നിങ്സ് സ്കോറിലേക്ക് നീങ്ങുകയാണ്. ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്സില്‍ 189 റണ്‍സിന് പുറത്തായിരുന്നു.


