ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായി മൂന്ന് വനിതകള്‍ കളി നിയന്ത്രിക്കും. ഗ്രൂപ്പ് ഇയില്‍ കോസ്റ്റാറിക്കയും ജര്‍മനിയും തമ്മില്‍ നടക്കുന്ന മത്സരമാണ് വനിതകള്‍ നിയന്ത്രിക്കുക. വ്യാഴാഴ്ച അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് മത്സരം.
ഫ്രഞ്ചുകാരിയായ സ്റ്റെഫാനി ഫ്രപ്പാര്‍ട്ടായിരിക്കും മത്സരത്തിന്റെ റഫറി. ബ്രസീലില്‍ നിന്നുള്ള നുസ ബക്കും മെക്സിക്കോയില്‍ നിന്നുള്ള കാരെന് ഡയസുമായിരിക്കും അസിസ്റ്റന്റ് റഫറിമാര്‍. ഫിഫ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.
മാര്‍ച്ചില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലും യൂറോപ്പ ലീഗിലും 2019ല്‍ ചെല്‍സിയും ലിവര്‍പൂളും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് ഫൈനലിലും സ്റ്റെഫാനി റഫറിയായിട്ടുണ്ട്. ഈ ലോകകപ്പില്‍ കഴിഞ്ഞ ആഴ്ച നടന്ന പോളണ്ട് – മോക്സിക്കോ മത്സരത്തില്‍ ഫോര്‍ത്ത് ഒഫീഷ്യലായിരുന്നു 38കാരിയായ സ്റ്റെഫാനി.
നേരത്തെ ഫിഫ പുറത്തുവിട്ട 36 റഫറിമാരുടെ പട്ടികയില്‍ മൂന്ന് വനിതകള്‍ ഉള്‍പ്പെട്ടിരുന്നു. സ്റ്റെഫാനി ഫ്രപ്പാര്‍ട്ടിനെ കൂടാതെ ജപ്പാനില്‍ നിന്നുള്ള യോഷിമി യമഷിത, റുവാണ്ടയില്‍ നിന്നുള്ള സലിമ മുകന്സംഗ എന്നിവരാണ് ഫിഫ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍.
69 പേരുടെ അസിസ്റ്റന്റ് റഫറിമാരുടെ പട്ടികയിലും മൂന്ന് വനിതകളുണ്ട്. ബ്രസീലില്‍ നിന്നുള്ള നുസ ബക്ക്, മെക്സിക്കോയില്‍ നിന്നുള്ള കാരെന് ഡയസ്, യു.എസില്‍ നിന്നുള്ള കാതറിന് നെസ്ബിറ്റ് എന്നിവരാണ് ഈ ലിസ്റ്റിലുള്ളത്. ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വനിതകളെ റഫറി ടീമിന്റെ ഭാഗമാക്കുന്നത്.


