ബലോന്‍ ദ് ഓര് പുരസ്കാരം ലയണല്‍ മെസിക്ക്. ഏഴാം തവണയും ബലോന്‍ ദ് ഓര് സ്വന്തമാക്കിയാണ് മെസി ചരിത്രം രചിച്ചത്. ഇന്ന് പുലര്‍ച്ചെ പാരീസില്‍ നടന്ന ചടങ്ങിലാണ് ഫുട്ബോളിലെ വിഖ്യാത പുരസ്കാരത്തിന് അര്‍ജന്റീനയുടെയും പിഎസ്ജിയുടെയും താരമായ മെസി അര്‍ഹനായത്. നേരത്തെ, 2009, 2010, 2011, 2012, 2015, 2019 എന്നീ വര്‍ഷങ്ങളില്‍ മെസി ബലോന്‍ ദ് ഓര് നേട്ടം പേരിലെഴുതിയിരുന്നു.
കഴിഞ്ഞ വര്‍ഷം കോവിഡിനെ തുടര്‍ന്ന് പുരസ്കാരം നല്‍കിയിരുന്നില്ല. ബയേണ്മ്യൂണിക്ക് താരം ലെവന്‍ഡോസ്കിയെ അവസാന നിമിഷം മറികടന്നാണ് മെസിയുടെ നേട്ടം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇത്തവണ ആറാം സ്ഥാനത്തായി.
മെസിക്ക് നിര്‍ണായകമായത് കോപ അമേരിക്ക കിരീട നേട്ടമാണ്. ബാഴ്സലോണയിലും പിഎസ്ജിയിലും വലിയ നേട്ടം അവകാശപ്പെടാനില്ലെങ്കിലും ഗോള്‍ വേട്ടയില്‍ മെസിക്ക് ഇത്തവണയും കുറവുണ്ടായിരുന്നില്ല. ബാഴ്സയില്‍ കഴിഞ്ഞ സീസണില്‍ 30 ഗോള്‍ കണ്ടെത്തിയ മെസി കോപ്പ ഡെല്‍റെ കിരീടം കൊണ്ട് തൃപ്തിപ്പെട്ടു.
കൂടുതല്‍ ഗോള്‍ നേടിയതിനുള്ള പുരസ്കാരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കിക്കാണ്. സ്പാനിഷ് താരം അലക്സാന്‍ഡ്രിയ പുറ്റേലാസാണ് മികച്ച വനിതാ താരം. മധ്യനിര താരമായ അലക്സിയ 26 ഗോളുകളാണ് കഴിഞ്ഞ സീസണില്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ചെല്‍സിക്ക് എതിരെ നേടിയ ഗോളും ഇതില്‍ ഉള്‍പ്പെടുന്നു. മികച്ച ഗോള്‍ കീപ്പറായി ഇറ്റാലിയന്‍ താരം ജിയാന്‍ ലൂഗി ഡൊണറൂമയും അര്‍ഹനായി.