മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജുമായി തനിക്ക് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകന് രമേശ് പവാര്‍. മിതാലി പലപ്പോഴും തന്നില്‍ നിന്ന് അകല്‍ച്ച പാലിച്ചിരുന്നു എന്നും താരത്തെ കൈകാര്യം ചെയ്യുക എന്നത് പരിശീലകന് എന്ന നിലയില്‍ പ്രയാസമേറിയത് ആയിരുന്നെനും പവാര്‍ ചൂണ്ടികാട്ടി. എങ്കിലും ടി 20 സെമി ഫൈനലില്‍ താരത്തെ കളിപ്പിക്കാതിരുന്നത് ഇതുകൊണ്ട് അല്ലെന്നും ആദ്ദേഹം ബി സി സി ഐ കമ്മിറ്റിക്ക് മുന്‍പാകെ വ്യക്തമാക്കി.
ബി.സി.സിഐ യുടെ മുംബൈ ആസ്ഥാനത്ത് ബി.സി.സിഐ പ്രതിനിധികളായ സാബ കരീം, രാഹുല്‍ ജൊഹ് എന്നുവര്‍ക്ക് മുന്നിലാണ് പവാര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ഇന്നലെ പവാര്‍ തന്നെ മനഃപൂര്‍വ്വം അവഗണിച്ചതായി മിതാലി ആരോപിച്ചിരുന്നു. മിതാലിയെ സെമി ഫൈനലില്‍ നിന്ന് പുറത്തിരുത്തിയത് പൂര്‍ണ്ണമായും ക്രിക്കറ്റ് സ്ട്രാറ്റജിയുടെ ഭാഗമായിരുന്നു എന്ന് പവാര്‍ പറഞ്ഞതായി ബി.സി.സിഐ വൃത്തങ്ങള്‍ വ്യക്തമാക്കി
താത്കാലിക പരിശീലകനായി ചുമതലയേറ്റ പവാറിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിക്കും. ടീമിലെ മുതിര്‍ന്ന അംഗം ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയ സ്ഥിതിക്ക് പവാറിനെ സ്ഥിരം പരിശീലകനാകാനുള്ള സാധ്യത വിരളമാണ്.