ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം. ഒരു റണ്ണിനാണ് ആര്‍സിബി ഡല്‍ഹിയെ കീഴ്പ്പെടുത്തിയത്. ബാംഗ്ലൂര്‍ മുന്നോട്ടുവച്ച 172 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 58 റണ്‍സെടുത്ത ഋഷഭ് പന്താണ് ഡല്‍ഹിയുടെ ടോപ്പ് സ്കോറര്‍. ഷിംറോണ്‍ ഹെട്മെയര്‍ 53 റണ്‍സ് നേടി. ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ 2 വിക്കറ്റ് വീഴ്ത്തി.
ശിഖര്‍ ധവാന് (6), സ്റ്റീവ് സ്മിത്ത് (4) എന്നിവര്‍ വേഗം പുറത്തായി. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഋഷഭ് പന്തിനൊപ്പം നിന്ന് പൊരുതിയ പൃഥ്വി ഷായും (21) വൈകാതെ മടങ്ങി. നാലാം വിക്കറ്റില്‍ പന്തിനൊപ്പം ചേര്‍ന്ന സ്റ്റോയിനിസ് 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വളരെ സാവധാനം ഇരുവരും ചേര്‍ന്ന് ഡല്‍ഹിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനിടെ സ്റ്റോയിനിസ് (22) വീണു. ഹര്‍ഷല്‍ പട്ടേലിനായിരുന്നു വിക്കറ്റ്.

ആറാം നമ്പറില്‍ ഷിംറോണ്‍ ഹെട്മെയര്‍ എത്തി. ഗ്രൗണ്ടിന്റെ നാലുപാടും ബൗണ്ടറികള്‍ പായിച്ച ഹെട്മെയര്‍ ആണ് ഇന്നിംഗ്സില്‍ ആദ്യമായി ഡല്‍ഹിയെ പോള്‍ പൊസിഷനില്‍ കൊണ്ടു വന്നത്. കെയില്‍ ജമീസണിന്റെ ഒരു ഓവറില്‍ മൂന്ന് സിക്സര്‍ അടക്കം 20 റണ്‍സടിച്ച ഹെട്മെയര്‍ 23 പന്തില്‍ ഫിഫ്റ്റി തികച്ചു.
അവസാന ഓവറില്‍ ജയിക്കാന്‍ 14 റണ്‍സാണ് വേണ്ടിയിരുന്നത്. മുഹമ്മദ് സിറാജ് എറിഞ്ഞ ഓവറിലെ അവസാന പന്തില്‍ വേണ്ടത് 6 റണ്‍സ്. എന്നാല്‍ ബൗണ്ടറിയടിക്കാനേ പന്തിനു കഴിഞ്ഞുള്ളൂ. ബാംഗ്ലൂരിന് 1 റണ്‍ ജയം. പന്തും ഹെട്മെയറും പുറത്താവാതെ നിന്നു.


