ബാര്‍സിലോന വിടണമെന്ന് ലയണല്‍ മെസ്സി ക്ലബ്ബിനെ അറിയിച്ചു. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയണ്‍ മ്യൂണിക്കിനോടേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ബാര്‍സ മാനേജ്മെന്റും മെസ്സിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്യമായിരുന്നു. ബാഴ്സലോണയുമായി 14ാം വയസില്‍ തുടങ്ങിയ ആത്മബന്ധം അവസാനിപ്പിക്കുകയാണെന്നു ഒരു ഫാക്സ് സന്ദേശത്തിലൂടെ മെസ്സി അറിയിച്ചു. അടുത്ത വര്‍ഷം വരെ ബാഴ്സയുമായി മെസ്സിക്ക് കരാറുണ്ട്.
ഓരോ സീസണ് അവസാനവും കരാര്‍ അവസാനിപ്പിച്ചു സൗജന്യമായി ക്ലബ് വിടാന്‍ അധികാരം നല്കുന്ന വ്യവസ്ഥ മുതലാക്കിയാണ് ഇതിഹാസം ബാര്‍സലോണ വിടാന്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ മെസിയെ അങ്ങനെ എളുപ്പം വിട്ടുകളയാന്‍ ബാര്‍സ ഒരുക്കമല്ലെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കരാര്‍ റദ്ദാക്കാനുള്ള സമയപരിധി ജൂണ്‍ 10ന് അവസാനിച്ചു എന്നാണ് ബാര്‍സ മാനേജ്മെന്റിന്റെ വാദം. കോവിഡ് വ്യാപനം കാരണം കഴിഞ്ഞ സീസണിലെ മത്സരങ്ങള്‍ ഓഗസ്റ്റ് വരെ നീണ്ടുപോയത് കരാര്‍ വ്യവസ്ഥയെ ബാധിക്കില്ലെന്നും ബാര്‍സ മാനേജ്മന്റ് പറയുന്നു. അങ്ങനെയെങ്കില്‍ മെസ്സിക്ക് ക്ലബ് വിടണമെങ്കില്‍ മറ്റേതെങ്കിലും ടീം ഏകദേശം 6148 കോടി രൂപ ബാര്‍സലോണക്ക് കൈമാറണം.
എന്നാല്‍ മത്സരങ്ങളവസാനിക്കാതെ സീസണ് അവസാനിക്കില്ലെന്ന വാദം മെസ്സി ഉന്നയിക്കിക്കാന് സാധ്യതയുണ്ട്. എങ്കില്‍ തര്‍ക്കപരിഹാരം കോടതിയിലേക്കും നീങ്ങിയേക്കാം. 634 ഗോളുകള്‍, 42 ഹാട്രിക്ക്, 34 കിരീടങ്ങള്‍, 6 ബലോണ്‍ ദി ഓറും യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ടും, കറ്റാലന്‍ ക്ലബ് ചരിത്രത്തെ തനിക്കുമുമ്പും ശേഷവും എന്ന് വിഭജിച്ച ഇതിഹാസമാണ് പടിയിറങ്ങാന്‍ ഒരുങ്ങി നില്‍ക്കുന്നത്.


