അര്‍ജന്റീന ലോക ഫുട്ബോള്‍ ജേതാക്കളായതിനു സൂപ്പര്‍ താരം ലയണല്‍ മെസിക്ക് അയല്‍രാജ്യമായ ബ്രസീലില്‍ നിന്ന് അപൂര്‍വാദരം. ബ്രസീല്‍ ഫുട്ബോളിന്റെ ഹൃദയമായ മാരക്കാന സ്റ്റേഡിയത്തില്‍ ഇതിഹാസ താരങ്ങള്‍ക്കൊപ്പം മെസിയുടെ കാല്പാടുകള് പതിക്കാന്‍ ക്ഷണം ലഭിച്ചിരിക്കുകയാണ്.
മാരക്കാനയുടെ ഉടമസ്ഥതയുള്ള റിയോ ഡി ജനീറ കായിക സമിതിയാണ് മെസിക്ക് ആദരമൊരുക്കുന്നത്. ലോകഫുട്ബോളിലെ ഇതിഹാസങ്ങള്‍ക്കൊപ്പം മാരക്കാനയിലെ ‘ഹാള്‍ ഓഫ് ഫെയിമി’ല്‍ താരത്തിന്റെ പേരും കൊത്തിവയ്ക്കും. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് വഴി മെസിക്ക് ക്ഷണം അയച്ചിട്ടുണ്ടെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു.
പെലെ, ഗരിഞ്ച, റൊണാള്‍ഡീഞ്ഞോ, റൊണാള്‍ഡോ എന്നിവരടക്കം ലോകഫുട്ബോളിലെ അതികായര്‍ക്കൊപ്പമാണ് മെസിയും അനശ്വരനാകാന്‍ പോകുന്നത്. നൂറിലേറെ ഫുട്ബോള്‍ താരങ്ങളാണ് മാരക്കാനയിലെ ‘ഹാള്‍ ഓഫ് ഫെയിമി’ല്‍ ഇടംപിടിച്ചിട്ടുള്ളത്. ഇതില്‍ കൂടുതല്‍ പേരും ബ്രസീലുകാരാണ്.
ഡീഗോ മറഡോണ, യൂസെബിയോ, സിനദിന്‍ സിദാന് എന്നിവരുടെ കൂട്ടത്തില്‍ ബ്രസീലിനു പുറത്തുനിന്നുള്ള ഇതിഹാസങ്ങള്‍ക്കൊപ്പമാണ് മെസിയുടെ പേരും ചേര്‍ക്കുന്നത്.