ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് അനായാസ ജയം. 10 വിക്കറ്റിനാണ് മുംബൈ ചെന്നൈയെ കീഴ്പ്പെടുത്തിയത്. 115 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 12.2 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ വിജയിക്കുകയായിരുന്നു. ജയത്തോടെ മുംബൈ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.
രോഹിതിന്റെ അഭാവത്തില്‍ ഓപ്പണിംഗില്‍ അവസരം ലഭിച്ച കിഷന് അവസരം ഇരു കൈകളും നീട്ടി സ്വീകരിച്ചു. സ്പിന്നര്‍മാരെയും പേസര്‍മാരെയും ഒരുപോലെ പ്രഹരിച്ച കിഷന് 29 പന്തുകളില്‍ ഫിഫ്റ്റി തികച്ചു. തകര്ത്തടിയ്ക്കുന്ന യുവതാരത്തിന് ഡികോക്ക് ഉറച്ച പിന്തുണ നല്‍കിയതോടെ മുംബൈ അനായാസം ജയം കുറിയ്ക്കുകയായിരുന്നു.
മുംബൈക്കായി 68 റണ്‍സ് നേടി പുറത്താവാതെ നിന്ന ഇഷാന് കിഷനാണ് ടോപ്പ് സ്കോറര്‍. ഡികോക്ക് 42 റണ്‍സ് നേടി പുറത്താവാതെ നിന്നു. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ചെന്നൈയുടെ ആദ്യ 10 വിക്കറ്റ് തോല്‍വിയാണ് ഇത്. ഈ തോല്‍വിയോടെ ചെന്നൈ പ്ലേ ഓഫ് റേസില്‍ നിന്ന് പുറത്താവുകയും ചെയ്തു.