ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിമൂന്നാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 49 റണ്‍സിനു പരാജയപ്പെടുത്തിയാണ് മുംബൈ ഇന്ത്യന്‍സ് ആദ്യ ജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 5 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റില്‍ നഷ്ടത്തില്‍ 146 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 33 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സാണ് കൊല്‍ക്കത്തയുടെ ടോപ്പ് സ്കോറര്‍.
ട്രെന്റ് ബോള്‍ട്ടും ജെയിം പാറ്റിസണും ജസ്പ്രീത് ബുംറയും കൃത്യമായി പന്തെറിഞ്ഞതോടെ കൊല്‍ക്കത്ത വിയര്‍ത്തു. മൂന്നാം ഓവറില്‍ ഗില്ലിനെ (7) പൊള്ളാര്‍ഡിന്റെ കൈകളിലെത്തിച്ച ബോള്‍ട്ട് കൊല്‍ക്കത്തയ്ക്ക് ആദ്യ പ്രഹരം ഏല്പിച്ചു. അഞ്ചാം ഓവറില്‍ സുനില്‍ നരേന് (9) പാറ്റിന്‍സണിന്റെ പന്തില്‍ ഡികോക്ക് പിടിച്ച് പുറത്തായി.
മൂന്നാം വിക്കറ്റില്‍ ദിനേശ് കാര്‍ത്തിക്- നിതീഷ് റാണ സഖ്യം 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 30 റണ്‍സെടുത്ത കാര്‍ത്തികിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയ രാഹുല്‍ ചഹാര്‍ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. നിതീഷ് റാണ (24) പൊള്ളാര്‍ഡിന്റെ പന്തില്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ കൈകളില്‍ അവസാനിച്ചു. ആന്ദ്രേ റസലിനും ഓയിന്‍ മോര്‍ഗനും അനായാസം ബാറ്റ് വീശാനുള്ള അവസരം മുംബൈ നല്‍കിയതേയില്ല. ഇരുവരെയും ബുംറയാണ് പുറത്താക്കിയത്. റസല്‍ (11) ക്ലീന്‍ ബൗള്‍ഡായപ്പോള്‍ മോര്ഗന് (16) ഡികോക്കിന്റെ കൈകളില്‍ അവസാനിച്ചു.
നികില്‍ നായ്ക് (1) ബോള്‍ട്ടിന്റെ പന്തില്‍ ഹര്‍ദ്ദിക് പിടിച്ച് പുറത്തായി. ബുംറയുടെ ഒരു ഓവറില്‍ നാല് സിക്സറുകളടിച്ച് പാറ്റ് കമ്മിന്‍സ് മുംബൈയെ ഒന്ന് ഭയപ്പെടുത്തിയെങ്കിലും പാറ്റിന്സണ് ദേശീയ ടീമിലെ സഹതാരത്തെ പാണ്ഡ്യയുടെ കൈകളില്‍ എത്തിച്ചു. 12 പന്തുകളില്‍ 33 റണ്‍സെടുത്താണ് കമ്മിന്‍സ് പുറത്തായത്. രാഹുല്‍ ചഹാര്‍ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തില്‍ ശിവം മവിയെ (9) ഡികോക്ക് സ്റ്റമ്പ് ചെയ്ത് പുറത്താക്കി. കുല്‍ദീപ് യാദവ് (1) പുറത്താവാതെ നിന്നു.


