ഐപിഎലില്‍ പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാന് റോയല്‍സിനു ജയം. 2 റണ്‍സിനാണ് രാജസ്ഥാന് പഞ്ചാബിനെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ 185 റണ്‍സ് നേടി ഓളൗട്ട് ആയപ്പോള്‍ മറുപടി ബാറ്റിംഗില്‍ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 183 റണ്‍സ് നേടാനേ പഞ്ചാബിനായുള്ളൂ.
അവസാന ഓവര്‍ വരെ മുന്നില്‍ നിന്ന പഞ്ചാബ് അവിശ്വസനീയമായാണ് പരാജയപ്പെട്ടത്. അവസാന ഓവറില്‍ 4 റണ്‍സ് പ്രതിരോധിച്ച കാര്‍ത്തിക് ത്യാഗി ഒരു റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. 67 റണ്‍സ് നേടിയ മായങ്ക് അഗര്‍വാളാണ് പഞ്ചാബിന്റെ ടോപ്പ് സ്കോറര്‍. ലോകേഷ് രാഹുല്‍ (49).
ആദ്യ വിക്കറ്റില്‍ തന്നെ രാഹുല്‍- അഗര്‍വാള്‍ സഖ്യം 120 റണ്‍സാണ് സ്കോര്‍ ചെയ്തത്. 12ആം ഓവറില്‍ ചേതന്‍ സക്കരിയ രാജസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ നല്കി. ഫിഫ്റ്റിക്ക് ഒരു റണ്‍ അകലെ രാഹുല്‍ വീണു. കാര്‍ത്തിക് ത്യാഗി പിടിച്ചാണ് രാഹുല്‍ മടങ്ങിയത്. തൊട്ടു പിന്നാലെ മായങ്കും (67) മടങ്ങി. രാഹുല്‍ തെവാട്ടിയയുടെ പന്തില്‍ ലിയാം ലിവിങ്സ്റ്റണ് പിടിച്ചാണ് ത്യാഗി പുറത്തായത്.
തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന എയ്ഡന്‍ മാര്‍ക്രവും നിക്കോളാസ് പൂരാനും ചേര്‍ന്ന് പഞ്ചാബിനെ അനായാസ ജയത്തിത്തിനരികെ എത്തിച്ചു. എന്നാല്‍ അവസാന ഓവറില്‍ പൂരാന് (32) മടങ്ങി. കാര്‍ത്തിക് ത്യാഗിയുടെ പന്തില്‍ സഞ്ജു പിടിച്ചാണ് വിന്‍ഡീസ് താരം മടങ്ങിയത്. മാര്ക്രമുമൊത്ത് മൂന്നാം വിക്കറ്റില്‍ 57 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയ ശേഷമാണ് താരം പുറത്തായത്.
ഓവറിലെ അഞ്ചാം പന്തില്‍ ഹൂഡയും (0) മടങ്ങി. ഹൂഡയും സഞ്ജുവിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. അവസാന പന്തില്‍ മൂന്ന് റണ്‍സ് ആയിരുന്നു പഞ്ചാബിന്റെ വിജയ ലക്ഷ്യം. അവസാന പന്ത് മാത്രം ബാറ്റ് ചെയ്ത ഫേബിയന്‍ അലന് റണ്‍സെടുക്കാനായില്ല. രാജസ്ഥാന് അവിശ്വസനീയ ജയം. എയ്ഡന്‍ മാര്‍ക്രം (26) പുറത്താവാതെ നിന്നു.
മികച്ച തുടക്കം ലഭിച്ചെങ്കിലും അവസാന ഓവറുകളില്‍ ഗംഭീരമായി പന്തെറിഞ്ഞ പഞ്ചാബ് ബൗളര്‍മാര്‍ രാജസ്ഥാനെ പിടിച്ചു കെട്ടുകയായിരുന്നു. 49 റണ്‍സ് നേടിയ യശസ്വി ജയ്സ്വാള്‍ ആണ് രാജസ്ഥാന്റെ ടോപ്പ് സ്കോറര്‍. മഹിപാല്‍ ലോംറോര്‍ (43), എവിന്‍ ലൂയിസ് (36), ലിയാം ലിവിങ്സ്റ്റണ് (25) എന്നിവരും രാജസ്ഥാനു വേണ്ടി തിളങ്ങി. പഞ്ചാബിനായി അര്‍ഷ്ദീപ് 5 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷമി 3 വിക്കറ്റ് സ്വന്തമാക്കി.


