ഐപിഎല്‍ പതിമൂന്നാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു ജയം. ചിരവൈരികളായ മുംബൈ ഇന്ത്യന്‍സിനെ 5 വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ചെന്നൈക്കായി അമ്പാട്ടി റായിഡുവും ഡുപ്ലസിയും അര്‍ധ സെഞ്ച്വറി നേടി. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. 42 റണ്‍സെടുത്ത സൗരഭ് തിവാരിയാണ് മുംബൈ നിരയിലെ ടോപ് സ്കോറര്‍. നായകന് രോഹിത് ശര്‍മ 12 റണ്‍സിന് പുറത്തായി. അച്ചടക്കത്തോടെ പന്തെറിഞ്ഞ സൂപ്പര്‍ കിങ്സ് ബൗളര്‍മാരില്‍ ലൂങ്കി എന്‍കിടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ചഹാറും ജഡേജയും രണ്ട് വിക്കറ്റ് വീതമെടുത്തു.
2012നു ശേഷം ഒരിക്കല്‍ പോലും ഉദ്ഘാടന മത്സരത്തില്‍ വിജയിച്ചിട്ടില്ലെന്ന റെക്കോര്‍ഡ് മുംബൈ കാത്തുസൂക്ഷിച്ചു. 71 റണ്‍സെടുത്ത അമ്പാട്ടി റായുഡു ആണ് ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. അര്‍ധ സെഞ്ച്വറി നേടിയ ഫാഫ് ഡുപ്ലെസിസും ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
163 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ വാട്സണും (4) രണ്ടാം ഓവറില്‍ വിജയും (1) പവലിയനിലെത്തി. ഇരുവരെയും യഥാക്രമം ട്രെന്റ് ബോള്‍ട്ട്, ജെയിംസ് പാറ്റിന്സണ് എന്നിവര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ നേരിട്ട തിരിച്ചടിക്ക് നടുവിലാണ് രണ്ടാം ഓവറില്‍ ഫാഫ് ഡുപ്ലെസിസ്-അമ്പാട്ടി റായുഡു സഖ്യം ക്രീസില്‍ ഒത്തുചേരുന്നത്.
ബുംറ എറിഞ്ഞ പവര്‍പ്ലേയുടെ അവസാന ഓവറില്‍ 14 റണ്‍സടിച്ചാണ് ചെന്നൈ തിരിച്ചടി തുടങ്ങിയത്. ആക്രമണോത്സുകമായി ബാറ്റ് ചെയ്ത റായുഡുവിന് ഡുപ്ലെസിസ് ഉറച്ച പിന്തുണ നല്കി. മുംബൈയുടെ രണ്ട് സ്പിന്നര്‍മാരെയും സഖ്യം തല്ലിച്ചതച്ചു. ബുംറയെയും ഇവര്‍ വെറുതെ വിട്ടില്ല. 33 പന്തുകളില്‍ റായുഡു ഫിഫ്റ്റി തികച്ചു. 3ാം വിക്കറ്റിലെ 115 റണ്‍സ് നീണ്ട മാരത്തണ്‍ കൂട്ടുകെട്ടിന് രാഹുല്‍ ചഹാറാണ് തടയിടുന്നത്. 16ാം ഓവറിലെ അവസാന പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച റായുഡുവിനെ ചഹാര്‍ തന്നെ പിടികൂടി. 48 പന്തുകളില്‍ 6 ബൗണ്ടറികളും 3 സിക്സറുകളും സഹിതം 71 റണ്‍സെടുത്തതിനു ശേഷമാണ് റായുഡു മടങ്ങിയത്.
പിന്നാലെയെത്തിയ ജഡേജ പാറ്റിന്‍സണെ ബൗണ്ടറിയിലെത്തിച്ചാണ് ഇന്നിംഗ്സ് ആരംഭിച്ചത്. 4 പന്തുകളില്‍ 10 റണ്‍സെടുത്ത ജഡേജയെ കൃണാല്‍ പാണ്ഡ്യ വിക്കറ്റിനു മുന്നില്‍ കുരുക്കിയതോടെ സാം കറന് ക്രീസിലെത്തി. കൃണാലിനെ സിക്സറും ബൗണ്ടറിയുമടിച്ച കറന് ചെന്നൈയെ വിജയത്തിനരികെ എത്തിച്ചു. 19ാം ഓവര്‍ എറിഞ്ഞ ബുംറയുടെ ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്തിയ കറന് രണ്ടാം പന്തില്‍ പാറ്റിന്‍സണു പിടി നല്കി മടങ്ങിയെങ്കിലും 6 പന്തുകളില്‍ 18 റണ്‍സെടുത്ത താരം ചെന്നൈയുടെ വിജയം ഉറപ്പിച്ചിട്ടാണ് മടങ്ങിയത്. ഇതിനിടെ 42 പന്തുകളില്‍ ഡുപ്ലെസിസ് ഫിഫ്റ്റി തികച്ചു. നേരിട്ട ആദ്യ പന്തില്‍ തന്നെ ധോണിയ്ക്കെതിരെ കീപ്പര്‍ ക്യാച്ച് വിക്കറ്റ് വിധിച്ചെങ്കിലും ഡിആര്‍എസില്‍ ഇത് തിരുത്തി. ബോള്‍ട്ട് എറിഞ്ഞ അവസാന ഓവറില്‍ വേണ്ടിയിരുന്ന അഞ്ച് റണ്‍സ് ആദ്യ രണ്ട് പന്തുകളില്‍ കണ്ടെത്തിയ ഡുപ്ലെസിസ് സിഎസ്കെയെ അനായാസം വിജയത്തിലെത്തിച്ചു. 44 പന്തുകളില്‍ 58 റണ്‍സെടുത്ത ഡുപ്ലെസിസ് പുറത്താവാതെ നിന്നു.