2013-ല്‍ മിലാനിലെ നൈറ്റ് ക്ലബ്ബില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മുന്‍ ഫുട്ബോള്‍ താരം റോബിഞ്ഞോയ്ക്ക് ഒമ്പതു വര്‍ഷത്തെ തടവു ശിക്ഷ. 2017-ല്‍ വിധിവന്ന കേസില്‍ നല്കിയ രണ്ട് അപ്പീലും തള്ളപ്പെട്ടതോടെയാണ് റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയുമടക്കമുള്ള മുന്‍നിര ക്ലബ്ബുകള്‍ക്കു വേണ്ടി കളിച്ച ബ്രസീല്‍ താരം ജയിലിലാവുന്നത്. നിലവില്‍ ബ്രസീലിലുള്ള താരം ശിക്ഷ ഇറ്റലിയിലാണോ ബ്രസീലിലാണോ അനുഭവിക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഇറ്റാലിയന്‍ ക്ലബ്ബ് എ.സി മിലാനില്‍ അംഗമായിരിക്കെ 2013 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. മിലാനിലെ ഒരു നൈറ്റ് ക്ലബ്ബില്‍ വെച്ച് 22-കാരിയായ അല്‍ബേനിയന്‍ വനിതയെ, അന്ന് 27 വയസ്സുള്ള റോബിഞ്ഞോയടക്കം അഞ്ചു പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയുമായുള്ള ശാരീരിക ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നുവെന്നും താന്‍ അവരുമായി ലൈംഗികവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും റോബിഞ്ഞോ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഈ സംഭവം സംബന്ധിച്ച് റോബിഞ്ഞോയും കൂട്ടുകാരും തമ്മില്‍ അയച്ച ടെലിഫോണ്‍ സന്ദേശങ്ങള്‍ കേസ് അന്വേഷണത്തില്‍ നിര്‍ണായകമായി. 2017 നവംബര്‍ 23-നാണ് സംഭവത്തില്‍ ബ്രസീല്‍ താരത്തെ കോടതി കുറ്റക്കാരനെന്നു വിധിച്ചത്.
ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട റോബിഞ്ഞോയെ 2020-ല്‍ ബ്രസീല്‍ ക്ലബ്ബ് സാന്റോസ് വാങ്ങിയത് ഏറെ വിവാദങ്ങള്‍ക്കിടയാക്കി. ക്ലബ്ബ് ആരാധകരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നുമുള്ള പ്രതിഷേധം ശക്തമായതോടെ ഒരു മത്സരം പോലും കളിക്കാതെ കരാര്‍ റദ്ദാക്കേണ്ടി വന്നു. മാധ്യമങ്ങളും ഫെമിനിസ്റ്റുകളുമാണ് തനിക്കെതിരെ നീങ്ങുന്നതെന്നായിരുന്നു റോബിഞ്ഞോയുടെ പ്രതികരണം.
ശിക്ഷാവിധിക്കെതിരെ നല്കിയ രണ്ട് അപ്പീലും തള്ളപ്പെട്ടതോടെയാണ് റോബിഞ്ഞോ ജയില്‍ശിക്ഷക്ക് നിയമപ്രകാരം അര്‍ഹനായത്. എന്നാല്‍, കുറ്റവാളികളെ കൈമാറുന്ന കരാര്‍ ബ്രസീലും ഇറ്റലിയും തമ്മില്‍ ഇല്ലാത്തതിനാല്‍ താരത്തിന്റെ ശിക്ഷ നടപ്പാക്കുക എത് വിധമായിരിക്കുമെന്ന് വ്യക്തമല്ല. നിലവിലെ നിയമപ്രകാരം മറ്റൊരു രാജ്യത്ത് വിധിക്കപ്പെടുന്ന തടവുശിക്ഷ ബ്രസീലില്‍ അനുഭവിക്കാനുള്ള വകുപ്പും നിലവിലില്ല.
2002-ല്‍ സാന്റോസിലൂടെ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ച റോബിഞ്ഞോ 2005-ല്‍ റയല്‍ മാഡ്രിഡിലും 2008-ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലും ചേര്‍ന്നു. 2010 മുതല്‍ മിലാനില്‍ കളിച്ച താരം 2014-ല്‍ ലോണ്‍ അടിസ്ഥാനത്തില്‍ സാന്റോസിലേക്ക് കൂടുമാറി. പിന്നീട് ചൈനീസ് ക്ലബ്ബ് ഗ്വാങ്ചൗ എവര്‍ഗ്രാന്റ്, അത്ലറ്റികോ മിനേറോ, സിവാസ്പോര്‍, ഇസ്തംബൂള്‍ ബസക് ഷെഹിര്‍ ക്ലബ്ബുകള്‍ക്കു വേണ്ടിയും താരം പന്തുതട്ടി. ബ്രസീലിനുവേണ്ടി 100 മത്സരങ്ങള്‍ കളിച്ച താരം 28 ഗോളുകള്‍ നേടിയിട്ടുണ്ട്.