ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സ് എടുത്തിട്ടുണ്ട്. രോഹിത് ശര്‍മ്മ (34), ശുഭ്മന്‍ ഗില്‍ (28) എന്നിവരെയാണ് ഇന്ത്യക്ക് നഷ്ടമായത്. ചേതേശ്വര്‍ പൂജാര (0), വിരാട് കോലി (6) എന്നിവരാണ് ക്രീസില്‍.
മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ നാല് ഫ്രണ്ട് ലൈന്‍ പേസര്‍മാരെയുമായി ഇറങ്ങിയ ന്യൂസീലന്‍ഡിന്റെ ഗെയിം പ്ലാന്‍ വ്യക്തമായിരുന്നു. ഗ്രീനിഷ് വിക്കറ്റിന്റെ പിന്തുണയോടെ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ വരിഞ്ഞുമുറുക്കുക. എന്നാല്‍, ഇന്ത്യന്‍ ഓപ്പണര്‍മാര്‍ കിവീസിന്റെ ഈ ഗെയിം പ്ലാന്‍ പൊളിച്ചു. ഒരേസമയം, പ്രതിരോധിച്ചും ആക്രമിച്ചും ഇന്ത്യന്‍ ഓപ്പണര്‍മാര്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. നല്ല പന്തുകളെ ബഹുമാനിച്ച അവര്‍ മോശം പന്തുകള്‍ അതിര്‍ത്തി കടത്തി. ആദ്യ വിക്കറ്റില്‍ 62 റണ്‍സാണ് രോഹിത്- ഗില്‍ സഖ്യം സ്കോര്‍ ചെയ്തത്.
ആദ്യ ബൗളിംഗ് ചേഞ്ചുമായി എത്തിയ കെയില്‍ ജമീസണ്‍ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഓഫ് സ്റ്റമ്പിനു പുറത്ത് പിച്ച് ചെയ്ത ജമീസണിന്റെ പന്ത് പാതിമനസ്സോടെ പ്രതിരോധിച്ച രോഹിതിനു പിഴച്ചു. പന്ത് എഡ്ജ്ഡ് ആയി സ്ലിപ്പിലേക്ക്. മൂന്നാം സ്ലിപ്പില്‍ സൗത്തിയുടെ തകര്‍പ്പന്‍ ക്യാച്ച്. ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഗില്ലും മടങ്ങി. തന്റെ ആദ്യ ഓവറില്‍ നീല്‍ വാഗ്നറാണ് യുവതാരത്തെ പുറത്താക്കിയത്. വാഗ്നറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബിജെ വാറ്റ്ലിങ് പിടിച്ച് ഗില്‍ പുറത്താവുകയായിരുന്നു.


