ബിസിസിഐക്കെതിരായ ലിംഗ വിവേചന ആരോപണങ്ങള്‍ തള്ളി ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്മാരായ മിതാലി രാജും ഹര്‍മന്‍പ്രീത് കൗറും. ഇംഗ്ലണ്ട് പര്യടനത്തിനു പുറപ്പെടുന്ന പുരുഷ, വനിതാ ടീം അംഗങ്ങളോട് ബിസിസിഐ ലിംഗ വിവേചനം കാണിക്കുന്നു എന്നായിരുന്നു ആക്ഷേപം. പുരുഷ ടീം അംഗങ്ങള്‍ക്ക് പ്രത്യേക ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തിയ ബിസിസിഐ വനിതാ താരങ്ങളോട് വാണിജ്യ വിമാനങ്ങളില്‍ എത്താന്‍ ആവശ്യപ്പെട്ടു എന്ന ആരോപണത്തെ ട്വന്റി-20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ തള്ളി.
”പുരുഷ, വനിതാ താരങ്ങള്‍ക്ക് ബിസിസിഐ മുംബൈയിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ദൂരവും വ്യക്തിപരമായ സൗകര്യവും പരിഗണിച്ച് ഞങ്ങള്‍ സ്വയം തീരുമാനം എടുക്കുകയായിരുന്നു.”- ഹര്‍മന്‍പ്രീത് കൗര്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു.
പുരുഷ താരങ്ങളുടെ വീടുകളിലെത്തി കൊവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തിയ ബിസിസിഐ വനിതാ താരങ്ങളോട് സ്വയം ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടു എന്നതായിരുന്നു മറ്റൊരു ആരോപണം. ഇതിനെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റന്‍ മിതാലി രാജ് തള്ളി.
‘കൊവിഡ് കാലത്തെ യാത്ര ഒരു വെല്ലുവിളിയാണ്. പക്ഷേ, ഞങ്ങളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമായി ബിസിസിഐ എടുക്കുന്ന നടപടികള്‍ ആശ്വാസകരമാണ്. മുംബൈയിലേക്കും ഇംഗ്ലണ്ടിലേക്കും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും വീടുകളില്‍ ആര്‍ടി- പിസിആര്‍ പരിശോധനകളും.
ജൂണ്‍ രണ്ടിന് മുംബൈയില്‍ നിന്ന് ഇരുടീമുകളും ഇംഗ്ലണ്ടിലേക്ക് തിരിക്കും. പുരുഷ ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലും ഇംഗ്ലണ്ടുമായി 5 മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയുമാണ് കളിക്കുക. ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിന, ട്വന്റി-20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക.


