അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് വികാരം നിറഞ്ഞ ആശംസാ വാക്കുകളുമായി നായകന് വിരാട് കോലി. ധോണി വിരമിച്ചപ്പോള്‍ അടുത്തറിയാവുന്നതിനാല്‍ കൂടുതല്‍ ദുഃഖം തോന്നിയെന്നും കോലി.
‘എല്ലാ ക്രിക്കറ്റര്‍മാര്‍ക്കും അവരുടെ യാത്ര ഒരു ദിവസം അവസാനിപ്പിക്കേണ്ടി വരും. പക്ഷേ അടുത്തറിയുന്ന ഒരാള്‍ ആ തീരുമാനം എടുക്കുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ വികാരഭരിതനായിപ്പോകും. താങ്കള്‍ ഈ രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ എല്ലാവരുടെയും ഹൃദയത്തില്‍ എന്നുമുണ്ടാകും. താങ്കളില്‍ നിന്ന് ലഭിച്ച പരസ്പര ബഹുമാനവും സ്നേഹവും എന്നും ഞാന്‍ ഓര്‍ക്കും. ലോകം വിജയങ്ങളെ മാത്രമേ കണ്ടിട്ടുള്ളു. എനിക്ക് വ്യക്തിയെ കാണാന്‍ സാധിച്ചു. നന്ദി, ഐ ടിപ് മൈ ഹാറ്റ് ടു യു…’ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ കോലി കുറിച്ചത്.
ധോണിയും വിരാടും തമ്മിലുള്ള ആത്മബന്ധം ക്രിക്കറ്റ് ലോകത്ത് പ്രസിദ്ധമാണ്. തനിക്ക് നായക സ്ഥാനം ലഭിച്ചതില്‍ കോലി എം എസ് ധോണിക്ക് നന്ദി പറഞ്ഞിരുന്നു.
2014ല്‍ ധോണി ടെസ്റ്റ് ക്രിക്കറ്റിനോടും വിട പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഒരു വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി ധോണി പ്രഖ്യാപിച്ചത്.
ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതിന് തൊട്ടുപിന്നാലെ ഇന്ത്യന്‍ ക്രിക്കറ്ററായ സുരേഷ് റെയ്നയും വിരമിക്കല്‍ പ്രഖ്യാപനം നടത്തി. ധോണിയുടെ വിരമിക്കലിനെ ഒരു യുഗത്തിന്റെ അന്ത്യമെന്നാണ് സൗരവ് ഗാംഗുലി വിശേഷിപ്പിച്ചത്.