ക്ലബ് വിടാനുറച്ച് സ്പാനിഷ് ക്ലബ് ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസി. പ്രസിഡന്റ് ബാര്‍തോമ്യു രാജിവെച്ചെങ്കിലും ബാഴ്സലോണ വിടാനുള്ള താരത്തിന്റെ തീരുമാനത്തിനു മാറ്റമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബോര്‍ഡുമായി നിലനിന്നിരുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് മെസി ക്ലബ് വിടാന്‍ തീരുമാനമെടുത്തത്. എന്നാല്‍, സാങ്കേതിക വശങ്ങള് ചൂണ്ടിക്കാട്ടി ജോസപ് ബാര്‍തോമ്യു പ്രസിഡന്റായ ബോര്‍ഡ് മെസിയെ ക്ലബില്‍ നിലനിര്‍ത്തിയിരുന്നു. ഇതിനു പിന്നാലെ ബാര്‍തോമ്യുവിനെതിരെയും ബോര്‍ഡിനെതിരെയും ആഞ്ഞടിച്ച താരം കരാര്‍ അവസാനിക്കുമ്പോള്‍ ക്ലബ് വിടുമെന്ന് അറിയിച്ചു. ഇത് ബോര്‍ഡിന്റെ രാജിയിലേക്ക് വഴിതെളിച്ചു.
ബാഴ്സ വിട്ട് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാണ് മെസി കൂടുമാറുക എന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ലബ് രാജിവെച്ച് ഒഴിഞ്ഞു എങ്കിലും തന്റെ തീരുമാനത്തിനു മാറ്റമില്ലെന്ന് മെസി പറയുന്നു. സിറ്റിയില്‍ കളിക്കണമെങ്കില്‍ രണ്ട് നിബന്ധനയും മെസിക്കുണ്ട്. പരിശീലകന് പെപ് ഗ്വാര്ഡിയോളോയും അര്‍ജന്റൈന്‍ സഹതാരം സെര്‍ജിയോ അഗ്യൂറോയും സിറ്റില്‍ ഉണ്ടായിരിക്കണമെന്നാണ് മെസിയുടെ ആവശ്യം. നേരത്തെ പെപിനു കീഴില്‍ മെസി ബാഴ്സയ്ക്ക് വേണ്ടി കളിച്ചിരുന്നു.
അതേസമയം, മെസിക്ക് പകരം മുന്‍ താരം നെയ്മറെ ക്യാമ്പ് നൗവില്‍ എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നിലവില്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരമായ നെയ്മര്‍ തിരികെയെത്തുന്നത് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.


