ഐപിഎല്‍ 14ആം സീസണിലെ നാലാം മത്സരത്തില്‍ രാജസ്ഥാന് പൊരുതിത്തോറ്റു. ആവേശം നിറഞ്ഞ മത്സരത്തില്‍ 4 റണ്‍സിനാണ് പഞ്ചാബ് വിജയിച്ചത്. ക്യാപ്റ്റനായി സ്ഥാനമേറ്റ ആദ്യ മത്സരത്തില്‍ തന്നെ സഞ്ജു ഉജ്ജ്വല സെഞ്ചുറിയുമായി ടീമിനെ നയിച്ചെങ്കിലും വിജയത്തില്‍ എത്തിക്കാനായില്ല. പഞ്ചാബ് ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഇന്നിംഗ്സിലെ അവസാന പന്തില്‍ സഞ്ജു (119) അര്‍ഷ്ദീപിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു.
തിരിച്ചടിയോടെയായിരുന്നു രാജസ്ഥാന്റെ തുടക്കം. ഇന്നിംഗ്സിലെ മൂന്നാം പന്തില്‍ തന്നെ സ്റ്റോക്സ് ഷമിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോള്‍ സ്കോര്‍ ബോര്‍ഡ് ചലിച്ചിട്ടുണ്ടായിരുന്നില്ല. നന്നായി തുടങ്ങിയ വോഹ്റ (12), അര്‍ഷ്ദീപിന്റെ പന്തില്‍ പുറത്തായതോടെ രാജസ്ഥാന് പരുങ്ങി. എന്നാല്‍ നാലാം നമ്പറിലെത്തിയ സഞ്ജുവിനൊപ്പം ബട്ലര് ചേര്‍ന്നതോടെ സ്കോര്‍ ഉയരാന്‍ തുടങ്ങി. 45 റണ്‍സാണ് ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ ബട്ലര് (25) ഝൈ റിച്ചാര്‍ഡ്സണിന്റെ ഇരയായി മടങ്ങി.
ഒരു വശത്ത് വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോഴും പിടിച്ചു നിന്ന സഞ്ജു ഇതിനിടെ തന്റെ ഫിഫ്റ്റി തികച്ചു. അഞ്ചാം നമ്പരിലെത്തിയ ശിവം ദുബെ (23), ആറാം നമ്പരിലെത്തിയ റിയന്‍ പരഗ് (25) എന്നിവരെ കൂട്ടി സഞ്ജു മുന്നില്‍ നിന്ന് നയിച്ചു. ദുബെയെ അര്‍ഷ്ദീപ് സിംഗും പരഗിനെ ഷമിയുമാണ് പുറത്താക്കിയത്. പഞ്ചാബിന്റെ ജയത്തിനും തോല്‍വിക്കുമിടയില്‍ ഉറച്ചുനിന്ന സഞ്ജു 54 പന്തുകളില്‍ സെഞ്ചുറി തികച്ചു. ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറി തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാന് എന്ന റെക്കോര്‍ഡും ഇതോടെ സഞ്ജു സ്വന്തമാക്കി.
അവസാന ഓവറില്‍ വിജയിക്കാന്‍ 13 റണ്‍സാണ് വേണ്ടിയിരുന്നത്. അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ ആ ഓവറില്‍ 8 റണ്‍സ് മാത്രമേ രാജസ്ഥാന് നേടാനായുള്ളൂ. അവസാന പന്തില്‍ വിജയിക്കാന്‍ അഞ്ച് റണ്‍സ് വേണ്ടിയിരിക്കെ കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച സഞ്ജു ലോംഗ് ഓഫില്‍ ദീപക് ഹൂഡയുടെ കൈകളില്‍ അവസാനിച്ചു.


