ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് ഫൈനലിലേക്ക് കടക്കാനായില്ല. മേരി കോം വെങ്കലം നേടി. സെമി ഫൈനലില്‍ രണ്ടാം സീഡ് താരവും യൂറോപ്യന്‍ ജേതാവുമായ തുര്‍ക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവിനോട് മേരി പരാജയപ്പെടുകയായിരുന്നു. അതേസമയം, 1-4ന് മേരി കോം പരാജയപ്പെട്ടെന്ന മത്സരഫലം ചോദ്യം ചെയ്ത് ഇന്ത്യ അപ്പീല്‍ നല്കി.
റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്താണ് ഇന്ത്യ അപ്പീല്‍ നല്‍കിയത്. മത്സരഫലത്തില്‍ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ അപ്പീല്‍ നല്‍കിയത്. എന്നാല്‍ വിധിനിര്‍ണയത്തില്‍ റഫറിക്ക് തെറ്റ് സംഭവിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി അപ്പീല്‍ നിരസിച്ചു.
ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ മേരി, ബോക്സിങില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി.
ക്വാര്‍ട്ടറില്‍ കൊളംബിയയുടെ വലന്‍സിയ വിക്ടോറിയയെ തോല്‍പ്പിച്ചാണ് മേരി കോം സെമിയില്‍ പ്രവേശിച്ചത്. 5-0 ത്തിനായിരുന്നു മേരിയുടെ വിജയം. ചൈനയുടെ സായ് സോങ്ജുവിനെ വീഴ്ത്തിയാണ് ബുസാനെസ് സെമിയിലെത്തിയത്.


