ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജി- ഇസ്താംബൂള്‍ ബസക്സഹിര്‍ മത്സരത്തിനിടെ വംശീയാധിക്ഷേപം. ഇരുടീമുകളുടേയും താരങ്ങള്‍ പ്രതിഷേധിച്ച് ഗ്രൗണ്ടില്‍ നിന്നും ഇറങ്ങിപ്പോയതിനെ തുടര്‍ന്ന് മത്സരം മാറ്റിവെച്ചു. കളി തുടങ്ങി പതിനാലാം മിനിറ്റിലായിരുന്നു സംഭവം. ടീമിന്റെ അസിസ്റ്റന്റ് കോച്ച് പിയറെ വെബോവിനെതിരെയായിരുന്നു നാലാം മാച്ച് ഒഫീഷ്യല്‍ സെബാസ്റ്റ്യന്‍ കോള്‍ടെസ്ക്യു വംശീയ അധിക്ഷേപം നടത്തിയെന്ന് ആരോപണമുയര്‍ന്നത്.
മത്സരത്തിലെ നാലാം മാച്ച് ഒഫീഷ്യല്‍ ഇസ്താംബൂള്‍ ബസക്സഹീര്‍ സഹപരിശീലകനെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. ടീമിന് പിന്തുണ പ്രഖ്യാപിച്ച് പിഎസ്ജി താരങ്ങളും കളംവിട്ടതോടെ മത്സരം മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് രാത്രി പതിനൊന്നരക്ക് മത്സരം റീ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
അതിനിടെ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജര്‍മന്‍ ടീം ആര്‍ബി ലെയ്പ്സിക്കിനോട് തോറ്റു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ തോല്‍വി. ആംഗലീനോ, അമദു ഹയ്ദാറ,ജ സ്റ്റിന് ക്ലൂവെര്‍ട്ട് എന്നിവരാണ് ലെയിപ്സിക്കിനായി ഗോള്‍ നേടിയത്.