ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് പാര്‍ത്ഥിവ് പട്ടേല്‍ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളില്‍ നിന്നും വിരമിച്ചു. 17ാം വയസ്സില്‍ ഇന്ത്യക്കായി ടെസ്റ്റ് മത്സരത്തിലൂടെ അരങ്ങേറിയ താരം 18 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിനു ശേഷമാണ് പാഡഴിക്കുന്നത്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പാര്‍ത്ഥിവ് തന്നെയാണ് വിവരം അറിയിച്ചത്. വിവിധ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.
”ഇന്ന്, ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളില്‍ നിന്നും ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നു. 18 വര്‍ഷത്തെ ക്രിക്കറ്റ് യാത്രക്കാണ് ഞാന്‍ അവസാനം കുറിക്കുന്നത്. പലരോടും എനിക്ക് നന്ദിയുണ്ട്. 17 വയസ്സുള്ള ഒരു പയ്യനെ ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കാന്‍ ബിസിസിഐ ആത്മവിശ്വാസം കാട്ടി. കരിയര്‍ തുടക്കത്തില്‍ എന്നെ നയിക്കുകയും പിന്തുണക്കുകയും ചെയ്ത ബിസിസിഐയോട് ഞാന്‍ കടപ്പാടറിയിക്കുന്നു. എന്റെ യാത്രയില്‍ ഒപ്പമുണ്ടാവുകയും എനിക്ക് ക്യാപ്റ്റന്‍ സ്ഥാനം ഏല്പിക്കുകയും ചെയ്ത ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനോടും എനിക്ക് നന്ദിയുണ്ട്.”- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
2002ല്‍ ഇംഗ്ലണ്ടിനെതിരെയാണ് അദ്ദേഹം ഇന്ത്യക്കായി ആദ്യ മത്സരം കളിച്ചത്. 25 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 31.13 ശരാശരിയില്‍ 934 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 38 ഏകദിനങ്ങളും 2 ട്വന്റി-20കളും അദ്ദേഹം ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. അരങ്ങേറ്റ മത്സരത്തില്‍ സമനില പിടിക്കാന്‍ ഒരു മണിക്കൂറോളമാണ് അദ്ദേഹം ക്രീസില്‍ പിടിച്ചുനിന്നത്. ഇത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളില്‍ ഒന്നായിരുന്നു. എംഎസ് ധോണിയുടെ വരവോടെ ടീമില്‍ ഇടം നഷ്ടമായ താരം പിന്നീട് 2016ല്‍ ടീമില്‍ തിരികെയെത്തി. മികച്ച ചില ഇംന്നിംഗ്സുകളും തിരിച്ചുവരവില്‍ അദ്ദേഹം കളിച്ചു.


