വാശിയേറിയ പോരാട്ടങ്ങൾക്കും അട്ടിമറികൾക്കും ഒടുവിൽ ക്ലബ് ലോക കപ്പ് കലാശക്കൊട്ടിലേക്ക്. ഇന്നലെ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ബൊറൂസിയ ഡോർട്മുണ്ടിനെ തോൽപ്പിച്ചതോടെയാണ് സെമി ഫൈനൽ ചിത്രം തെളിഞ്ഞത്. യൂറോപ്പിൽ നിന്നുള്ള പിഎസ്ജി, റയൽ മാഡ്രിഡ്, ചെൽസി എന്നീ മൂന്ന് ക്ലബ്ബുകളും ബ്രസീലിൽ നിന്നുള്ള ഫ്ലുമിനെൻസ് എഫ്സിയുമാണ് ആവേശ പോരാട്ടങ്ങൾക്കൊടുവിൽ സെമിയിലേക്ക് മുന്നേറിയത്.
ബുധനാഴ്ച്ച നടക്കുന്ന ആദ്യ സെമി പോരാട്ടത്തിൽ ഫ്ലുമിനെൻസ് ചെൽസിയെയും, വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ പിഎസ്ജി റയൽ മാഡ്രിഡിനെയും നേരിടും. പിഎസ്ജിയും റയൽ മാഡ്രിഡും, നേർക്കുനേർ വരുമ്പോൾ കിലിയാൻ എംബപ്പേ തന്റെ പഴയ ക്ലബ്ബിനെതിരെ മാഡ്രിഡ് ജേഴ്സിയിൽ കളിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
ഒൻപത് പേരായി ചുരുങ്ങിയിട്ടും ബയേൺ മ്യൂണിക്കിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിന്റെ മിന്നും ജയം സ്വന്തമാക്കിയാണ് പിഎസ്ജി സെമിയിലേക്ക് കാൽ എടുത്ത് വയ്ക്കുന്നത്. പിഎസ്ജിക്കായി ഡിസൈർ ദൗവേ, ഓക്സ്മാനെ ടെമ്പേലെ എന്നിവർ വല കുലുക്കി. സെന്റർ ബാക്ക് ഡീൻ ഹ്യൂയ്ജ്സെൻ റെഡ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരായി ചുരുങ്ങിയെങ്കിലും റയൽ മാഡ്രിഡ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ബൊറൂസിയ ഡോർട്മുണ്ടിനെ പരാജയപ്പെടുത്തിയാണ് സെമിയിലേക്ക് പ്രവേശിച്ചത്.
മാറ്റ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ബ്രസീലിയൻ ക്ലബായ ഫ്ലുമിനെൻസ് അൽ ഹിലാലിനെയും, ഇംഗ്ലീഷ് ക്ലബ്ബായ ചെൽസി പാൽമീയറസിനെയും പരാജയപ്പെടുത്തി.