ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള താരലേലത്തില്‍ രജിസ്റ്റര്‍ ചെയ്തത് 1097 കളിക്കാര്‍. 814 ഇന്ത്യന്‍ താരങ്ങളും 283 വിദേശികളുമാണ് ലേലത്തിനുള്ളത്. 61 കളിക്കാരാണ് ലേലം വഴി ഐപിഎല്‍ ഫ്രാഞ്ചൈസികളിലെത്തുക. ഇതില്‍ 22 പേര് വിദേശികളാകും.
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്, ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക് എന്നിവര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. മലയാളി താരം എസ് ശ്രീശാന്ത്, മുഹമ്മദ് അസ്ഹറുദ്ദീന്, സച്ചിന് ടെണ്ടുല്‍ക്കറുടെ മകന് അര്ജുന് ടെണ്ടുല്‍ക്കര്‍ എന്നിവര്‍ ലേലത്തിന്റെ ഭാഗമാണ്.
75 ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ അടിസ്ഥാന വില. മുന്‍ ചെന്നൈ താരങ്ങളായ കേദാര്‍ യാദവ്, ഹര്ഭജന് സിങ്, സ്റ്റീവ് സ്മിത്ത്, ഗ്ലന്‍ മാക്സ്വെല്, കോളിന് ഇന്ഗ്രം, മാര്‍ക് വുഡ്, മുഈന്‍ അലി എന്നിവര്‍ക്ക് രണ്ടു കോടിയാണ് വില.
അര്ജുന് ടെണ്ടുല്‍ക്കറുടെ അടിസ്ഥാന വില 20 ലക്ഷമാണ്. ചേതേശ്വര്‍ പുജാരയ്ക്ക് അമ്പത് ലക്ഷവും ഹനുമാന് വിഹാരിക്ക് ഒരു കോടിയും. ആരോണ്‍ ഫിഞ്ച്, ഉമേഷ് യാദവ്, മാര്‍നസ് ലബുഷനെ, ഷെല്‍ഡ്രണ്‍ കോട്രല്‍ എന്നിവരുടെ അടിസ്ഥാന വിലയും ഒരു കോടിയാണ്.
മുജീബുറഹ്മാന്‍, അലക്സ് കാരി, നഥാന്‍ കൗണ്ടര്‍ നൈല്‍, റിച്ചാര്ഡ്സണ് എന്നിവര്‍ക്ക് ഒന്നരക്കോടിയാണ് അടിസ്ഥാന വില. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 16കാരന് നൂര്‍ അഹ്മദ് ലകന്‍വാല്‍ ആണ് രജിസ്റ്റര്‍ ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ താരം. 20 ലക്ഷം രൂപയാണ് അടിസ്ഥാന വില.


