പാക് ഓള്‍റൗണ്ടര്‍ ഷദബ് ഖാനെതിരെ ഗുരുതര ആരോപണവുമായി യുവതി. ഷദബ് ഖാന് തന്റെ പ്രശസ്തിയും സ്വാധീനവും ഉപയോഗിച്ച് പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടികളെ ബ്ലാക്ക്മെയില്‍ ചെയ്യുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു എന്നാണ് യുവതിയുടെ ആരോപണം. അഫ്രീന സഫിയ എന്ന യുവതിയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഷദബിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
2019 മുതല്‍ തനിക്ക് ഷദബിനെ അറിയാമെന്ന് യുവതി പറയുന്നു. 2019 ലോകകപ്പിനു മുന്‍പ് ഇംഗ്ലണ്ടില്‍ വച്ച് ഷദബ് യുവതിയെ വിളിച്ചു. ലോകകപ്പില്‍ മുഴുവന്‍ താന്‍ പാക് ടീമിനൊപ്പമുണ്ടായിരുന്നു. അവിടെ വച്ചാണ് തങ്ങള്‍ ഡേറ്റിംഗ് ആരംഭിച്ചത്. ഏതാനും മാസങ്ങള്‍ക്ക് ശേഷം ഷദബിന് പല ബന്ധങ്ങളുണ്ടെന്ന് കണ്ടെത്തി. ഇത് തങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടു. അതോടെ തങ്ങള്‍ വേര്‍പിരിഞ്ഞു.
https://www.instagram.com/p/CYG6Zq3L8SD/?utm_source=ig_web_copy_link
എന്നാല്‍ അതിനു ശേഷം തന്റെ നഗ്ന ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ ഷദബ് ബന്ധത്തെക്കുറിച്ച് പുറത്തു പറയരുതെന്നും ആവശ്യപ്പെട്ടു. എന്നാല്‍, കഴിഞ്ഞ ഫെബ്രുവരിയില്‍ താന്‍ ഈ ബന്ധത്തെപ്പറ്റി തുറന്നു പറഞ്ഞു. ഇതോടെ ഷദബ് മാപ്പപേക്ഷയുമായി രംഗത്തെത്തി. വീണ്ടും ഞങ്ങള്‍ ഡേറ്റിംഗ് ആരംഭിച്ചു. വീണ്ടും ഷദബ് തന്റെ പഴയ രീതി തുടങ്ങി. പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടികള്‍ക്ക് തന്റെ വ്യാജ അക്കൗണ്ടുകളിലൂടെ മെസേജ് ചെയ്ത് ഒന്നുകില്‍ തനിക്ക് വഴങ്ങണമെന്നും അല്ലെങ്കില്‍ തന്റെ സ്വാധീനത്തിന്റെ ശക്തി അറിഞ്ഞുകൊള്ളൂ എന്നും ഷദബ് ഭീഷണിപ്പെടുത്തുമായിരുന്നു. ഒടുവില്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കാനും ഷദബ് ശ്രമിച്ചു എന്ന് യുവതി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് പാക് സ്പിന്നര്‍ യാസിര്‍ ഷായും വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. 14കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതിയെ സഹായിച്ചു എന്ന കുറ്റത്തിനാണ് പൊലീസ് യാസിര്‍ ഷായ്ക്കെതിരെ കേസെടുത്തിരിക്കുകയാണ്. പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്. നിലവില്‍ യാസിര്‍ ഷാ ഒളിവിലാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞിരുന്നു.


