ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാന് റോയല്‍സിന് തകര്‍പ്പന്‍ ജയം. 7 വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ വിജയം. 190 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് 17.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം ഭേദിക്കുകയായിരുന്നു. 64 റണ്‍സ് നേടി പുറത്താാവാതെ നിന്ന ശിവം ദുബെയാണ് രാജസ്ഥാന്റെ ടോപ്പ് സ്കോറര്‍. യശസ്വി ജയ്സ്വാള്‍ 50 റണ്‍സ് നേടി. ചെന്നൈക്കായി ശര്‍ദ്ദുല്‍ താക്കൂര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് അവിശ്വസനീയ തുടക്കമാണ് ഓപ്പണര്‍മാരായ എവിന്‍ ലൂയിസും യശസ്വി ജയ്സ്വാളും ചേര്‍ന്ന് നല്‍കിയത്. ലൂയിസിനെ കാഴ്ചക്കാരനാക്കി യശസ്വി കത്തിക്കയറിയപ്പോള്‍ സ്കോര്‍ കുതിച്ചു. വെറും 19 പന്തുകളിലാണ് യുവതാരം ഫിഫ്റ്റി തികച്ചത്. യശസ്വിയുടെ ആദ്യ ഐപിഎല്‍ ഫിഫ്റ്റിയാണിത്. 77 റണ്‍സ് നീണ്ട ആദ്യ വിക്കറ്റ് കൂട്ടുകെട്ടിലും യശസ്വി പങ്കാളിയായി പവര്‍പ്ലേയുടെ അവസാന ഓവറില്‍ ലൂയിസിനെ (27) ജോഷ് ഹേസല്‍വുഡിന്റെ കൈകളിലെത്തിച്ച ശര്‍ദ്ദുല്‍ താക്കൂര്‍ ചെന്നൈക്ക് ആദ്യ ബ്രേക്ക് ത്രൂ നല്കി. ഫിഫ്റ്റിയ്ക്ക് തൊട്ടുപിന്നാലെ യശസ്വി പുറത്തായി. മലയാളി താരം കെഎം ആസിഫ് എറിഞ്ഞ ഏഴാമത്തെ ഓവറിലെ ആദ്യ പന്തില്‍ യുവതാരം എം എസ് ധോണിയുടെ കൈകളില്‍ അവസാനിച്ചു.
നാലാം നമ്പറില്‍ ക്രീസിലെത്തിയ ശിവം ദുബെയുടെ ഊഴമായിരുന്നു പിന്നീട്. സഞ്ജുവിനെ കാഴ്ചക്കാരനാക്കി നിര്‍ത്തി അടിച്ചു തകര്‍ത്ത ദുബെ 31 പന്തുകളില്‍ ഫിഫ്റ്റി നേടി. ദുബെയുടെ ആദ്യ ഐപിഎല്‍ ഫിഫ്റ്റിയാണ് ഇത്. ഇതിനു പിന്നാലെ 28 റണ്‍സ് നേടിയ സഞ്ജു ശര്‍ദ്ദുല്‍ താക്കൂറിന്റെ പന്തില്‍ ഋതുരാജ് ഗെയ്ക്വാദിനു ക്യാച്ച് സമ്മാനിച്ച് മടങ്ങി.
ദുബെയുമൊത്ത് 89 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടുയര്‍ത്തിയ ശേഷമാണ് സഞ്ജു മടങ്ങിയത്. സഞ്ജു പുറത്തായെങ്കിലും അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ ഗ്ലെന്‍ ഫിലിപ്സ് ശിവം ദുബേയ്ക്കൊപ്പം ചേര്‍ന്ന് രാജസ്ഥാനെ അനായാസം വിജയത്തിലെത്തിച്ചു. ദുബെ (64), ഫിലിപ്സ് (14) എന്നിവര്‍ പുറത്താവാതെ നിന്നു.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 189 റണ്‍സാണ് നേടിയത്. പുറത്താവാതെ 101 റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്വാദ് ആണ് ചെന്നൈയുടെ ടോപ്പ് സ്കോറര്‍. ഇതോടെ സീസണില്‍ 500 റണ്‍സ് കടന്ന ഋതുരാജ് ഓറഞ്ച് ക്യാപ്പ് പട്ടികയിലും ഒന്നാം സ്ഥാനത്ത് എത്തി. രവീന്ദ്ര ജഡേജ 15 പന്തുകളില്‍ 32 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. രാജസ്ഥാനു വേണ്ടി രാഹുല്‍ തെവാട്ടിയ മൂന്ന് വിക്കറ്റ് വീഴ്ത്തി.


