വനിതാ ടെന്നീസിലെ ഇതിഹാസ താരം സെറീന വില്യംസ് കളിക്കളത്തോട് വിട പറഞ്ഞു. യുഎസ് ഓപ്പണില്‍ രണ്ടാം റൗണ്ടില്‍ ആസ്ത്രേലിയയുടെ അജ്ല ടോംലാനോവിച്ചിനോട് തോറ്റാണ് മടക്കം.
ആധുനിക വനിതാ ടെന്നീസിലെ കരുത്തിന്റെ പ്രതീകമായിരുന്നു സെറീന വില്യംസ് എന്ന നാല്പതുകാരി. കൗമാര താരങ്ങള്‍ തിങ്ങിനിറയുന്ന ടെന്നീസ് കളത്തിനോട് വിടപറയുന്നു. സ്വന്തം നാട്ടില്‍ ആറ് തവണ കീരീടമുയര്‍ത്തി.
1995 മുതല്‍ ഇന്നു വരെ 27 വര്‍ഷം നീണ്ട കരിയര്‍. 1999ല്‍ ഇതേ ഫ്ലഷിങ് മെഡോസില്‍ ആദ്യ ഗ്രാന്സ്ലാം കിരീടം. പിന്നെയത് 23 കിരീടങ്ങളിലേക്കെത്തി. ആധുനിക ടെന്നീസില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്സ്ലാം നേടിയ വനിതാ താരമെന്ന ബഹുമതി. നീണ്ട 319 ആഴ്ചകള്‍ ലോക ഒന്നാം നമ്പര്‍ താരം. സഹോദരി വീനസുമായി ചേര്‍ന്ന് ഡബിള്‍സ് കിരീടങ്ങള്‍. നാല് ഒളിന്പിക് സ്വര്‍ണം. കളത്തിന് പുറത്തും പോരാട്ടവീര്യം.
ജീവനെടുക്കുമായിരുന്ന ശ്വാസകോശത്തിലെ രക്തം കട്ട പിടിക്കലിനെ അതിജീവിച്ചവള്‍. അമ്മയായ ശേഷവും ടെന്നീസ് കോര്‍ട്ടിനെ ത്രസിപ്പിച്ചവള്. പകരം വെക്കാനാരുമില്ലാതെയാണ് സെറീനയുടെ മടക്കം.


