നിഹാല്‍ സരിനെ 2020ലെ മികച്ച ഇന്ത്യന്‍ ചെസ് താരമായി ചെസ് ഡോട്ട് കോം തെരഞ്ഞെടുത്തു. കൊനേരു ഹംപിയാണ് മികച്ച വനിതാ താരം. കാര്‍പ്പോവ് റാപിഡ് ചെസില്‍ (ഫ്രാന്‍സ്) സ്വര്‍ണം, ലോക ജൂനിയര്‍ സ്പീഡ് ചെസ് ചാമ്പ്യന്‍, ചെസ് ബേസ് ഇന്ത്യയുടെ ജൂനിയര്‍ ചാമ്പ്യന്‍ എന്നീ നേട്ടങ്ങള്‍ പരിഗണിച്ചാണ് ചെസ് ഡോട്ട്കോം നിഹാലിനെ മികച്ച താരമായി തെരഞ്ഞെടുത്തത്.
ചെസ് ഒളിമ്പ്യാഡില്‍ ചരിത്രത്തിലാദ്യമായി സ്വര്‍ണം നേടിയ ഈ വര്‍ഷത്തെ ഇന്ത്യന്‍ ടീം അംഗവും ഏഷ്യന്‍ നേഷന്‍സ് കപ്പില്‍ വെള്ളി നേടിയ ഇന്ത്യന്‍ ടീമംഗവുമാണ് പതിനാറുകാരനായ നിഹാല്‍ സരിന്. ഇതിനു പുറമേ, അന്താരാഷ്ട്ര ചെസ് ഫെഡറേഷന് (ഫിഡെ) നടത്തിയ ലോക യൂത്ത് ചെസ് ടൂര്‍ണമെന്റില്‍ അണ്ടര്‍-18 വിഭാഗത്തില്‍ നിഹാല്‍ സ്വര്‍ണം നേടിയിരുന്നു. തൃശ്ശൂര്‍ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് നിഹാല്‍ സരിന്.


