കളമശ്ശേരി :മൂന്നാമത് കളമശ്ശേരി കാര്‍ഷികോത്സവ പ്രദര്‍ശന വിപണന മേളയില്‍ കയറിന്റെ വ്യത്യസ്ത ഉത്പന്നങ്ങളുമായി ശ്രദ്ധ നേടിയിരിക്കുകയാണ് ‘കോയര്വാ’ ബ്രാന്‍ഡ്. പാനായിക്കുളം സ്വദേശികളായ അഞ്ജുവു ഫില്ജിയുമാണ് വ്യത്യസ്തമായ ഈ സംരംഭത്തിന് പിന്നില്‍. ആറുവര്‍ഷം നീണ്ട ഇരുവരുടെയും സൗഹൃദത്തില്‍ നിന്നാണ് സ്വന്തമായൊരു ബ്രാന്‍ഡ് എന്ന സ്വപ്നം പൂവിടുന്നത് .
പ്ലാസ്റ്റിക് ഉപയോഗിച്ച് മാത്രം നിര്‍മ്മിക്കുന്ന ബൊക്കെ പോലുള്ള വസ്തുക്കള്‍ കയറില്‍ ചെയ്യണമെന്ന ഇരുവരുടെയും ആഗ്രഹമാണ് ഇത്തരം ഒരു സംരംഭം തുടങ്ങാന്‍ പ്രേരിപ്പിച്ചത്. കയറില്‍ നിര്‍മിക്കുന്ന ബൊക്കെ ജീവിതകാലം മുഴുവന്‍ ഒരു ഓര്മ പോലെ സൂക്ഷിക്കാനാകുമെന്നാണ് ഇവര്‍ പറയുന്നത്. യഥാര്‍ഥ ചെടികളാണ് ബൊക്കെയില്‍ ഉപയോഗിച്ചിരിക്കുന്നത് .
ബൊക്കെ, ചെടിച്ചട്ടികള്‍, കിളിക്കൂടുകള്‍, മാറ്റുകള്‍ അങ്ങനെ അനവധി വസ്തുക്കളാണ് കയര്‍ ഉപയോഗിച്ച് ഇരുവരും നിര്‍മ്മിക്കുന്നത്. മറ്റ് ഉത്പന്നങ്ങളെക്കാളും കയര്‍ ബൊക്കേയ്ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. കയര്‍ വകുപ്പ് മന്ത്രി കൂടിയായ പി രാജീവിന്റെ പിന്തുണയോടെ കൊയര്വാ ബൊക്കെക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത് . സര്‍ക്കാരിന്റെ പരിപാടികളിലും പൊതുപരിപാടികളിലും കോയര്വ ബൊക്കെയാണ് ഇപ്പോള്‍ താരം.


