തിരുവനന്തപുരം: ‘പറഞ്ഞറിയിക്കാന്‍ ആകാത്ത സന്തോഷം തോന്നുന്നുണ്ട്. എന്നെ ഞാനായി തന്നെ അംഗീകരിക്കാന്‍ സമൂഹത്തിന് ആകുന്നുണ്ടല്ലോ”ഇത് നാദിറയുടെ വാക്കുകള്‍… കേരളത്തില്‍ കോളേജ് യൂണിയന് തെരഞ്ഞെടുപ്പിലേക്ക് മല്‍സരിക്കുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥിയായ നാദിറയാണ് ചരിത്രത്തിന്റെ ഭാഗമാവാന്‍ തനിക്ക് അവസരം ലഭിച്ചതിലെ സന്തോഷം പങ്കു വച്ചത്. തിരുവനന്തപുരം തോന്നയ്ക്കല്‍ എ ജെ കോളേജിലെ നാദിറ എഐഎസ്എഫ് സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്.
പൂര്‍ണ പിന്തുണ നല്കി എഐഎസ്എഫ്
നാദിറ മല്‍സരിക്കുന്നതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ട്. ട്രാന്സ്ജെന്റെറെന്ന് തുറന്ന് പറഞ്ഞപ്പോഴും തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോഴും പൂര്‍ണ പിന്തുണ നല്‍കിയത് സുഹൃത്തുകള്‍. ഈ മാസം 9-നാണ് തെരഞ്ഞെടുപ്പ്. ”ഞാന്‍ എഐഎസ്എഫ് പ്രവര്‍ത്തകയാണ്. എനിക്ക് ഒരുപാട് പിന്തുണ മുമ്പും എഐഎസ്എഫില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ അവര്‍ തന്നെ എന്നെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ വലിയ സന്തോഷമുണ്ട്. തീര്‍ച്ചയായും ഞാന്‍ മല്‍സരത്തില്‍ വിജയിക്കും. കോളേജിലെ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ പിന്തുണ എനിക്കുണ്ട്” നാദിറ ആത്മവിശ്വാസത്തോടെ പറഞ്ഞു.ബിഎ മാസ് കമ്മ്യൂണിക്കേഷന്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ നാദിറ ക്വിറിഥം എന്ന സംഘടനയുടെ ബോര്‍ഡംഗം കൂടിയാണ്.
നജീവില് നിന്നും നാദിറയിലേക്ക്

താനൊരു ട്രാന്‍സ്ജെന്ററാണെന്ന് ലോകത്തെ അറിയിച്ചു കൊണ്ട് നാദിറ രംഗത്തു വന്നത് ഒരു വര്‍ഷം മുമ്പാണ്. ‘എന്റെ അച്ഛനും അമ്മയും എനിക്കിട്ട പേര് നജീബ് എന്നായിരുന്നു. ഒരു മുസ്ലീം കുടുംബത്തില്‍ പിറന്ന എനിക്ക് എന്റെ സ്വത്വം പറയാനായും അത് അംഗീകരിക്കാനുമുള്ള ഒരു സ്പേസ് എന്റെ കുടുംബത്തില്‍ നിന്ന് ഒരു സമയത്തും കിട്ടിയിട്ടില്ല. എട്ടാം ക്ലാസ് മുതലാണ് ഞാന്‍ എന്നിലുള്ള വ്യത്യാസങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത്. അന്ന് മുതല്‍ തന്നെ ബാഹ്യമായ മാറ്റങ്ങളുടെ പേരില്‍ വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും സ്കൂളില്‍ നിന്നുമൊക്കെ ഒരുപാട് ശകാരങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും ഞാന്‍ ഇരയായിട്ടുണ്ട്. ആദ്യമൊക്കെ എന്റെ പ്രശ്നമായി തന്നെയാണ് ഞാനും എന്റെ വ്യത്യാസങ്ങളെ മനസിലാക്കിയിരുന്നത്. പക്ഷേ സമൂഹമാധ്യമങ്ങളിലൊക്കെ ആക്ടീവാകാന്‍ തുടങ്ങിയതില്‍ പിന്നെയാണ് ട്രാന്‍സ്ജെന്‍ഡര്‍ എന്ന ഒരു വിഭാഗമുണ്ടെന്നും അവരിലൊരാളാണ് ഞാന്‍ എന്നും മനസിലാക്കുന്നത്. അങ്ങനെ ഒരു റിയലൈസേഷന് ശേഷം സ്വത്വം വീട്ടില്‍ പറയാന്‍ ഒരു ധൈര്യമുണ്ടായി. വീട്ടിലെ സ്ഥിതി ഭീകരമായിരുന്നു. വീട്ടിലായിരുന്നെങ്കില്‍ അവര്‍ പറയുന്നത് പോലെയൊക്കെ ഞാന്‍ ജീവിക്കേണ്ടി വരുമായിരുന്നു. അങ്ങനെ 2017-ലാണ് ഞാന്‍ വീട് വിട്ട് പുറത്തിറങ്ങുന്നത്. വീട്ടില്‍ നിന്നിറങ്ങി നേരെ പോയത് ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലേക്കാണ്. അവിടെ എല്ലാവരും പൂര്‍ണമായും അംഗീകരിച്ചു, പിന്തുണ നല്കി”, നാദിറ വിശദീകരിച്ചു.


