കൊച്ചി: ഓര്മ നഷ്ടപ്പെട്ട് അലഞ്ഞ് തിരിഞ്ഞ വൃദ്ധനെ രക്ഷപ്പെടുത്തി സ്റ്റേഷനില്‍ വച്ച് ചോറി വാരിക്കൊടുക്കുന്ന പൊലീസുകാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. എറണാകുളം ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷനിലെ നന്മ നിറഞ്ഞ പൊലീസുകാരാണ് സേനയ്ക്ക് അഭിമാനമാകുന്നത്.
കഴിഞ്ഞ ദിവസം സ്റ്റേഷനിലേക്കെത്തിയ ഒരു ഫോണ്‍ കോളില്‍ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. കായല്‍തീരത്തെ കണ്ടല്‍ക്കാടുകളില്‍ ഒരു വൃദ്ധന് ഇരിക്കുന്നുണ്ടെന്നായിരുന്നു സമീപവാസിയുടെ ഫോണ്‍ സന്ദേശം. ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഓഫീസര്‍മാരായ അജയകുമാര്‍, ബിനു, ജിജു എന്നിവര്‍ ഉടന്‍ തന്നെ സ്ഥലത്തേക്കെത്തി. സ്വന്തം പേര് പോലും പറയാന്‍ കഴിയാതെ തണുത്ത് വിറച്ചിരിക്കുന്ന വൃദ്ധനെയാണ് തങ്ങള്‍ക്ക് അവിടെ കാണാന്‍ കഴിഞ്ഞതെന്ന് പൊലീസുകാര്‍ പറയുന്നു. ഉടന്‍ തന്നെ വാഹനത്തില്‍ ഇയാളെ സ്റ്റേഷനിലേക്ക് മാറ്റി. കുളിപ്പിച്ച് നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ച് ഭക്ഷണം വാങ്ങിനല്‍കി. എന്നാല്‍ ഭക്ഷണം വാരിക്കഴിക്കാന് പോലും കഴിയാത്തവിധം തളര്‍ന്നിരിക്കുകയായിരുന്നു വൃദ്ധന്. മനസലിവ് തോന്നിയ അജയകുമാര്‍ ഒരു ചെറു കുഞ്ഞിന്റെ സ്നേഹത്തോടെ കാരണവര്‍ക്ക് ഭക്ഷണം വാരി നല്കി. ഇത് ആരോ വീഡിയോയില്‍ ചിത്രീകരിച്ച് പുറത്ത് വിടുകയായിരുന്നു.
ഭക്ഷണം വാങ്ങി നല്‍കിയതിന് ശേഷം നടത്തിയ അന്വേഷണത്തില്‍ വടയാര്‍ സ്വദേശിയായ പവിത്രനാണ് ഇതെന്ന് മനസിലായി. പ്രായത്തിന്റെ അവശതകള്‍ മൂലം ഓര്‍മയുടെ താളം തെറ്റിയ പവിത്രന് കായല്‍ക്കരയില്‍ വച്ച് വഴിതെറ്റുകയായിരുന്നു. പിന്നീട് ബന്ധുക്കളെ വിളിച്ച് വരുത്തി പവിത്രനെ വിട്ടയച്ചു. എന്തായാലും പൊലീസിന്റെ നല്ല മാതൃക സംസ്ഥാനത്തെ എല്ലാ പൊലീസുകാരും ഏറ്റെടുക്കണമെന്നാണ് സോഷ്യല്‍ മീഡിയയുടെ ആവശ്യം. നാടിന്റെ ഹീറോകളായി മാറിയ പൊലീസുകാര്‍ക്ക് ആദരമൊരുക്കാനും നാട്ടുകാര്‍ ഒരുങ്ങുന്നുണ്ട്. വീഡിയോ കണ്ട് കണ്ണ് നിറഞ്ഞവര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പൊലീസിനെ പ്രശംസ കൊണ്ട് മൂടുകയാണ്.


