ഒറ്റ ട്രോളിലാണ് കുമാര്‍ സംഗകാരയുടെ ‘സംഘ’ബന്ധം സോഷ്യല്‍മീഡിയ തിരിച്ചറിഞ്ഞത്. ഇതോടെ മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗകാരയുടെ ഫേസ്ബുക്ക്പേജില് മലയാളികളുടെ പൊങ്കാലയാണ് നടക്കുന്നത്. ശ്രീലങ്കന്‍ യുവതി ശബരിമല ദര്‍ശനം നടത്തിയെന്ന വാര്‍ത്തക്കുപിന്നാലെയാണ് ഇത്തരം ട്രോളുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. സംഗകാര ഡയറക്ടറായ ആഢംബര ഹോട്ടലിന്റെ പ്രഖ്യാപനം നടത്തിയ ഫേസ്ബുക്ക് പോസ്റ്റിലാണ് മലയാളികള്‍ കൂട്ടത്തോടെ വന്ന് കമന്റിടുന്നത്. മിനുറ്റുകള്‍ക്കുള്ളില്‍ ഈ പോസ്റ്റിന് കീഴെ നൂറുകണക്കിന് കമന്റുകളാണ് മലയാളത്തില്‍ വന്നിരിക്കുന്നത്. ഇതെന്താണെന്ന് പോലും കുമാര്‍ സംഗക്കാരക്ക് ഒറ്റനോട്ടത്തില്‍ മനസിലാവില്ല. ജീവിതത്തിലിന്നുവരെ സംഗകാരയുടെ ഫേസ്ബുക്ക് പേജിലൊന്ന് പോയി നോക്കാത്തവര്‍ വരെ ആവേശത്തോടെ കമന്റുകലിടുകയാണ്. ഇതെന്താണ് സംഭവമെന്ന് എപ്പോഴെങ്കിലും മനസിലാക്കിയാല്‍ ഒരു പേരിലെന്തിരിക്കുന്നുവെന്ന് കുമാര്‍ സംഗകാരയെങ്കിലും ഒരിക്കലും ചോദിക്കില്ല.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ രണ്ട് യുവതികള്‍ കഴിഞ്ഞ ദിവസമാണ് ശബരിമലയില്‍ പ്രവേശിച്ചത്. ഇതിന്റെ പ്രതിഷേധമെന്നോണം കേരളത്തില്‍ ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ നടത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ യുവതി പ്രവേശനത്തിന് അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടരിക്കുകയാണ്. അതിനിടെയാണ് ഇന്നലെ ശ്രീലങ്കന്‍ സ്വദേശി ശശികല സന്നിധാനത്തെത്തിയത്.
ഈ സാഹചര്യത്തിലാണ് തമാശ രൂപേണയുള്ള ട്രോളുകള്‍ കടല്‍ കടന്ന് ശ്രീലങ്കയിലുമെത്തിയത്. ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലാണ് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് മലയാളികളുടെ ട്രോളുകള്‍ നിറയുന്നത്. ‘നീ ഞങ്ങടെ ശബരിമലയില്‍ യുവതികളെ കയറ്റും അല്ലേടാ, നിന്നോട് ദൈവം ചോദിക്കും’. ‘ഇവന്റെയൊക്കെ ഏഴുതലമുറ ബൗണ്‍സര്‍ എറിയാന്‍ കഴിയാത്തവരായിപ്പോകണേ അയ്യപ്പാ’. ‘ഞങ്ങടെ സച്ചിന്റെ കൂടെ കളിച്ചിട്ട് ഞങ്ങള്‍ക്ക് തന്നെ പണി തരുന്നോടാ മലിംഗേ’. തുടങ്ങിയ നിരവധി കമന്റുകളാണ് മലിംഗയുടെ പോസ്റ്റിന് താഴെ നിറയുന്നത്.
മലിംഗയുടെ പേജില്‍ മാത്രമല്ല ക്രിക്കറ്റ് താരങ്ങളായ സനത് ജയസൂര്യ,? കുമാര്‍ സംഗക്കാര തുടങ്ങിയവരുടെ പേജിലും ട്രോളുകള്‍ നിറയുകയാണ്. സനത് ജയസൂര്യയെ ജാഫ്നയിലെ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയാക്കിക്കൊണ്ടുള്ള പരിഹാസ രൂപേണയുള്ള ട്രോളുകള്‍ വരുന്നുണ്ട്.


